സിഹ്റിൻ്റെ ഹദീസ് മുഹമ്മദ് നബി ﷺ യുടെ രിസാലത്തിനെ ബാധിക്കുമെന്നോ !? | വസ്തുതയെന്ത് ?



വിമർശനം: റസൂലിന് സിഹ്ർ ബാധിച്ചു എന്ന് പറയുമ്പോൾ അദ്ദേഹത്തിന് ഇറക്കപ്പെട്ട ദിവ്യ സന്ദേശത്തിൽ ന്യൂനതകൾ ഉണ്ടെന്നുവരും ; അതുകൊണ്ടുതന്നെ ഇത്തരം ഹദീസുകൾ ഒന്നും തന്നെ സ്ഥിരപ്പെട്ടതല്ല ; അതെല്ലാം കെട്ടുകഥകളാണ്.


മറുപടി : 

പ്രവാചകൻ ﷺക്ക് ഇറക്കപ്പെടുന്ന ദിവ്യസന്ദേശങ്ങളെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ്. അല്ലാഹു പറയുന്നു:
{ وَمَا یَنطِقُ عَنِ ٱلۡهَوَىٰۤ } [Surah An-Najm: 3]
"അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. "

 അതുകൊണ്ടുതന്നെ അതിന്റെ സംരക്ഷണം അല്ലാഹു സ്വയം ഏറ്റെടുത്തിട്ടുണ്ട്. അല്ലാഹു പറയുന്നു:

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ 
(15: 9)
"തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.‌" 

പ്രവാചകൻ ﷺക്ക് ഉണ്ടാകുന്ന രോഗങ്ങൾകൊണ്ടോ, പ്രയാസങ്ങൾകൊണ്ടോ ഒരു പ്രമാണവചനവും നഷ്ടപ്പെടുകയില്ല. 
ഒരു വചനം പോലും അല്ലാഹുവിൻറെ പേരിൽ കെട്ടിച്ചമക്കാൻ അവിടുത്തേക്ക് അനുവാദവും ഇല്ല. അല്ലാഹു പറയുന്നു: 
{ وَلَوۡ تَقَوَّلَ عَلَیۡنَا بَعۡضَ ٱلۡأَقَاوِیلِ } [Surah Al-Ḥāqqah: 44]
"നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍." 
{ لَأَخَذۡنَا مِنۡهُ بِٱلۡیَمِینِ } [Surah Al-Ḥāqqah: 45]
"അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും," 
{ ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِینَ } [Surah Al-Ḥāqqah: 46]
"എന്നിട്ട് അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. "

ഇതുകൊണ്ടെല്ലാം തന്നെ പ്രവാചകൻ ﷺ പറഞ്ഞ ഹദീസിലോ ഖുർആനിക വചനങ്ങളിലോ മാരണം കാരണം ഒരുതരത്തിലുമുള്ള ന്യൂനതകൾ സംഭവിച്ചിട്ടില്ല. സംഭവിച്ചു എന്ന് പറയണമെങ്കിൽ ഈ ആയത്തുകളെയും ഹദീസുകളെയും ഒക്കെ തള്ളിക്കളഞ്ഞു കൊണ്ടല്ലാതെ അതിനു സാധിക്കുകയില്ല. 

ഇമാം ഖാളീഇയാൾ (റ) പറഞ്ഞു: 
قالَ القاضِي عِياضٌ: والسِّحْرُ مَرَضٌ مِنَ الأمْراضِ، وعارِضٌ مِنَ العِلَلِ، يَجُوزُ عَلَيْهِ ﷺ كَأنْواعِ الأمْراضِ مِمّا لا يُنْكَرُ، ولا يَقْدَحُ فِي نُبُوَّتِهِ، ...
"മാരണബാധ ഒരു രോഗമാണ്; നബി ﷺക്ക് ഇത് സംഭവിക്കാം എന്നത് നിഷേധിക്കപ്പെടേണ്ടതില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന് ഇത് കോട്ടം വരുത്തുകയുമില്ല." (കിതാബുശ്ശിഫാ- 2:181)

അദ്ദേഹം തുടരുന്നു :
فَلَيْسَ فِي هَذا ما يُدْخِلُ عَلَيْهِ داخِلَةً فِي شَيْءٍ مِن صِدْقِهِ،
"മാരണം മൂലം പ്രവാചകനുണ്ടായ തോന്നലുകൾ അദ്ദേഹത്തിന്റെ സത്യസന്തതക്ക് വിഘാതം സൃഷ്ടിക്കുന്നതല്ല."
(കിതാബുശ്ശിഫാ- 2:181)

ഇബ്നുൽ ഖയ്യിം (റ) പറഞ്ഞു:
وكانَ غايَةُ هَذا السِّحْرِ فِيهِ إنَّما هُوَ فِي جَسَدِهِ، وظاهِرِ جَوارِحِهِ لا عَلى عَقْلِهِ وقَلْبِهِ، ....
"ഈ മാരണം പ്രവാചകന്റെ ശരീരത്തിനും , ആന്തരികാവയവങ്ങളെയുമാണ് ബാധിച്ചത്. അദ്ദേഹത്തിന്റെ ബുദ്ധിക്കോ, ഹൃദയത്തിനോ അത് ബാധിച്ചിട്ടില്ല. (സാദുൽ മആദ് : 4:116)

Comments