മുലകുടി ബന്ധം വ്യഭിചാരത്തിന് പ്രേരണയോ?! | വസ്തുതയെന്ത്?
മറുപടി:
പ്രവാചകൻ ﷺ സ്ത്രീകളെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതായി ഒരു ഹദീസും ഇല്ല. ഇത് പച്ചക്കള്ളമാണ്. ഒരിക്കലും അങ്ങനെയൊന്ന് ഉണ്ടാവുകയുമില്ല. വിമർശകൻ പറയുന്നു: "പ്രവാചകൻ സ്ത്രീകളെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതായി ഇമാം മുസ്ലിം പറയുന്നത് കാണുക:" പ്രസ്തുത വാചകത്തിന് ശേഷം വിമർശകൻ നൽകിയതാകട്ടെ, ആഇഷ (റ) ഉദ്ദരിച്ച സഹല ബിൻത് സുഹൈലിനോട് അവരുടെ ദത്തുപുത്രനായ സാലിമുമായി (റ) മുലകുടി ബന്ധം സ്ഥാപിക്കാൻ നബി ﷺ ആവശ്യപ്പെടുന്ന പ്രസിദ്ധമായ ഹദീസാകുന്നു.
ഒരു നിലക്കും ഈ ഹദീസിൽ വ്യഭിചാരത്തിനുള്ള ഒരു പ്രേരണയും ഇല്ല. എന്ന് മാത്രമല്ല, സ്വന്തം മകനെപ്പോലെ കണ്ടിരുന്ന അവരുടെ വളർത്തു പുത്രനെയും സഹല (റ) യേയും ഏതുനിലക്കും അവിഹിതബന്ധം ആരോപിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതെയാക്കുന്നതാണ് ഈ ഹദീസ്.
എന്നാൽ, ഈ ഹദീസിന്റെ അർത്ഥം കൊടുത്തതിൽ ഗൗരവകരമായ പല തിരിമറികളും വിമർശകൻ വരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ അർത്ഥം നൽകിയാൽ സംഭവത്തിന്റെ വിശദാംശങ്ങളോ യാഥാർത്ഥ്യമോ അറിയാത്ത ഏതൊരാളും നബി ﷺ യേയും മഹതികളായ സ്വഹാബാ വനിതകളെയും (റ) മോശപ്പെട്ട കണ്ണോടെ മാത്രമേ നോക്കിക്കാണുകയുള്ളൂ. അവരാകട്ടെ, ഇത്തരത്തിലുള്ള എല്ലാ കള്ള ആരോപണങ്ങളിൽ നിന്നും പരിശുദ്ധരാണ് താനും.
വിമർശകൻ ഹദീസിന്റെ പരിഭാഷയിൽ നടത്തിയ തട്ടിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഹദീസിന്റെ മുമ്പ് അദ്ദേഹം നൽകിയ വളരെ നീചമായ തലവാചകം തന്നെയാകുന്നു. അത്തരത്തിലുള്ള ഒരു തലവാചകം വായിച്ചതിനുശേഷം നിഷ്കളങ്കമായ ഏതൊരു വായനക്കാരനും പിന്നീട് വരുന്ന കാര്യങ്ങളെ വായിക്കുമ്പോൾ ഏത് മനോഭാവത്തിൽ ആയിരിക്കും വായിക്കുക! നീചവൃത്തിക്കുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സൂചനകളോ, തെറ്റിദ്ധരിക്കാൻ സാധ്യതയുള്ള വാക്കുകളോ ഒന്നും തന്നെ ഇല്ലെങ്കിൽ പോലും സംശയത്തിന്റെയും ദുഷ്ചിന്തയുടെയും നിഴലിലായിരിക്കും ശേഷമുള്ള വാക്യങ്ങളും ഉദ്ധരണികളും വായനക്കാരൻ നോക്കിക്കാണുക. എന്നിരിക്കെ, ഹദീസിന്റെ പരിഭാഷയിൽ ഹദീസിന്റെ സന്ദർഭങ്ങളോ സാഹചര്യങ്ങളോ വ്യക്തമാക്കാതിരിക്കുകയും, അർത്ഥത്തിൽ തന്നെ തട്ടിപ്പുകളും അവ്യക്തതകളും ഉണ്ടാക്കുക കൂടി ചെയ്താൽ! ഇവ്വിഷയത്തിൽ വന്ന എല്ലാ സ്ഥിരപ്പെട്ട റിപ്പോർട്ടുകളും കൂടി ചേർത്തുവെച്ച് വായിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു സംഭവത്തിന്റെ ഒരുപാട് അവ്യക്തതകൾ ഉള്ള ഒരു റിപ്പോർട്ട് മാത്രം വാചക വിവർത്തനം പോലെ പരിഭാഷപ്പെടുത്തുകയും ചെയ്താലുള്ള അപകടം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!
വിമർശകൻ പരിഭാഷപ്പെടുത്തിയ ഇമാം മുസ്ലിം ഉദ്ധരിച്ച റിപ്പോർട്ട് ഇതാകുന്നു:
عَنْ عَائِشَةَ ، قَالَتْ : جَاءَتْ سَهْلَةُ بِنْتُ سُهَيْلٍ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَتْ : يَا رَسُولَ اللَّهِ، إِنِّي أَرَى فِي وَجْهِ أَبِي حُذَيْفَةَ مِنْ دُخُولِ سَالِمٍ - وَهُوَ حَلِيفُهُ - فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَرْضِعِيهِ ". قَالَتْ : وَكَيْفَ أُرْضِعُهُ وَهُوَ رَجُلٌ كَبِيرٌ ؟ فَتَبَسَّمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَقَالَ : " قَدْ عَلِمْتُ أَنَّهُ رَجُلٌ كَبِيرٌ ". زَادَ عَمْرٌو فِي حَدِيثِهِ : وَكَانَ قَدْ شَهِدَ بَدْرًا. وَفِي رِوَايَةِ ابْنِ أَبِي عُمَرَ : فَضَحِكَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
സാരം: ആഇഷ (റ) പറയുന്നു: സഹല ബിൻത് സുഹൈൽ (റ) നബി ﷺ യുടെ അടുത്തു വന്നു പറഞ്ഞു: അല്ലാഹുവിൻറെ ദൂതരെ, സാലിം വീട്ടിൽ വരുമ്പോൾ അബൂ ഹുദൈഫയുടെ മുഖം അസ്വസ്ഥമാകുന്നു. -അദ്ദേഹത്തിൻറെ സഹചാരിയായിരുന്നു- (അബൂ ഹുദൈഫ-സഹല ദമ്പതികളുടെ വളർത്തു പുത്രനായിരുന്നു സാലിം) അപ്പോൾ നബി ﷺ പറഞ്ഞു: “നിങ്ങൾ അവനോട് (സാലിമിനോട്) മുലകുടി ബന്ധം സ്ഥാപിക്കുക.” അപ്പോൾ അവർ (സഹല (റ)) പറഞ്ഞു: “അവൻ വലിയ പുരുഷനായല്ലോ, ഇനിയെങ്ങനെ അവനോട് ഞാൻ മുലകുടി ബന്ധം സ്ഥാപിക്കും?” അപ്പോൾ റസൂൽ ﷺ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “അവൻ വലിയ പുരുഷനാണെന്ന് എനിക്കറിയാം.” അംറ് തൻ്റെ റിപ്പോർട്ടിൽ ഇങ്ങനെ കൂടി പറഞ്ഞു: “അദ്ദേഹം (സാലിം (റ)) ബദറിൽ പങ്കെടുത്തിട്ടുണ്ട്.” ഇബ്നു അബീ ഉമറിന്റെ റിപ്പോർട്ടിൽ: “നബി ﷺ പൊട്ടിച്ചിരിച്ചു” എന്നാണുള്ളത്.
വിമർശകൻ ഈ ഹദീസിനെ പരിഭാഷപ്പെടുത്തിയപ്പോൾ, “وهو حليفه” എന്ന ഭാഗത്തിന്റെ അർത്ഥം കട്ടുകൊണ്ടാണ് അർത്ഥം നൽകിയിട്ടുള്ളത്. സ്ഥിരമായി കൂടെയുള്ളവൻ എന്നർത്ഥം വരുന്ന പദമാണത്. അതിൻറെ ഉദ്ദേശം എന്താണെന്ന് മറ്റൊരു റിപ്പോർട്ടുകൾ ചേർത്തുവെച്ചാൽ വ്യക്തമാകും. ഇതേ ഹദീസിന്റെ ഇമാം മുസ്ലിം തന്നെ ഉദ്ധരിച്ച മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം:
عَنْ عَائِشَةَ : أَنَّ سَالِمًا مَوْلَى أَبِي حُذَيْفَةَ كَانَ مَعَ أَبِي حُذَيْفَةَ ، وَأَهْلِهِ فِي بَيْتِهِمْ فَأَتَتْ تَعْنِي ابْنَةَ سُهَيْلٍ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فقَالَت : إِنَّ سَالِمًا قَدْ بَلَغَ مَا يَبْلُغُ الرِّجَالُ وَعَقَلَ مَا عَقَلُوا ، وَإِنَّهُ يَدْخُلُ عَلَيْنَا وَإِنِّي أَظُنُّ أَنَّ فِي نَفْسِ أَبِي حُذَيْفَةَ مِنْ ذَلِكَ شَيْئًا ، فقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَرْضِعِيهِ ، تَحْرُمِي عَلَيْهِ وَيَذْهَبِ الَّذِي فِي نَفْسِ أَبِي حُذَيْفَةَ " ، فَرَجَعَتْ ، فقَالَت : إِنِّي قَدْ أَرْضَعْتُهُ ، فَذَهَبَ الَّذِي فِي نَفْسِ أَبِي حُذَيْفَةَ .
ആഇഷ (റ) യിൽ നിന്നും നിവേദനം: അബൂഹുദൈഫ (റ) വിന്റെ ദത്തുപുത്രനായിരുന്ന സാലിം, അദ്ദേഹത്തിൻറെയും കുടുംബത്തിന്റെയും കൂടെ അവരുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. അപ്പോൾ സുഹൈലിന്റെ മകൾ (സഹല (റ), അതായത്: അബൂഹുദൈഫ (റ) ൻ്റെ ഭാര്യയും, സാലിം (റ) ൻ്റെ വളർത്തു മാതാവും) നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു: സാലിം വലിയ പുരുഷന്മാരുടെ പ്രായമായിട്ടുണ്ട്, അവർ ചിന്തിക്കുന്നത് പോലെയൊക്കെ ചിന്തിക്കുന്ന സമയമായിട്ടുണ്ട്, എന്നാൽ അവൻ ഞങ്ങളുടെ വീട്ടിൽ പ്രവേശിക്കാറുണ്ട്. അബൂ ഹുദൈഫയുടെ മനസ്സിൽ അതിൽ ഒരു പ്രയാസമുള്ളതായി ഞാൻ മനസ്സിലാക്കുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: “നിങ്ങൾ അവനുമായി മുലകുടി ബന്ധം സ്ഥാപിക്കൂ. എന്നാൽ അബൂ ഹുദൈഫയുടെ മനസ്സിലുള്ള പ്രശ്നം ഇല്ലാതാകും.” അങ്ങനെ അവർ മടങ്ങി.
അവർ പറഞ്ഞു: ഞാൻ അവനുമായി മുലപ്പാൽ ബന്ധം സ്ഥാപിക്കുകയും, അങ്ങനെ അബൂ ഹുദൈഫയുടെ മനസ്സിലുണ്ടായിരുന്ന പ്രയാസം നീങ്ങുകയും ചെയ്തു.”
ഈ നിവേദനത്തിൽ നിന്നും വളരെ വ്യക്തമാണ്, എങ്ങനെയായിരുന്നു സാലിം (റ) വും അബൂ ഹുദൈഫ (റ) യുടെ കുടുംബവും തമ്മിലുള്ള ബന്ധം എന്നുള്ളത്. ചെറുപ്രായം മുതലേ സ്വന്തം മാതാപിതാക്കളെ പോലെയാണ് സാലിം (റ) അബൂ ഹുദൈഫ-സഹല (റ) എന്നിവരെ കണ്ടിരുന്നത്. അവരാകട്ടെ തങ്ങളുടെ സ്വന്തം മകനെ പോലെയും. ഇത് ജാഹിലിയ്യ കാലഘട്ടത്തിലും ഇസ്ലാമിൻറെ ആദ്യ കാലഘട്ടത്തിലും എല്ലാം ഉണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നു. വളർത്തുമക്കളെ സ്വന്തം മക്കളെ പോലെ കാണുക എന്നുള്ളത്. ഇന്നും നമ്മുടെ നാട്ടിലും, ലോകത്ത് പലയിടത്തും പല കുടുംബങ്ങളിലും നിലവിലുള്ള ഒരു രീതിയാണ് ഇത്. തങ്ങളുടെ വളർത്തു മക്കളെ സ്വന്തത്തിലേക്ക് ചേർത്ത് വിളിക്കുകയും, സ്വന്തം മക്കളെ പരിഗണിക്കുന്നത് പോലെ പരിഗണിക്കുകയും ചെയ്യുക എന്നത് അവരുടെ ശീലമായിരുന്നു. അനന്തരാവകാശങ്ങൾ പോലും ഇത്തരത്തിലുള്ള ദത്തുപുത്രന്മാർക്ക് അവർ നൽകിയിരുന്നു. അത്തരത്തിൽ നബി ﷺ ക്ക് പോലും ഇസ്ലാമിൻറെ ആദ്യ കാലത്ത് ഉണ്ടായിരുന്ന ദത്ത് പുത്രനായിരുന്നു സൈദ് ബിനു ഹാരിഥ (റ). ഈ കാര്യങ്ങൾ വളരെ വ്യക്തമായി ഹദീസുകളിൽ സ്ഥിരപ്പെട്ടു കാണാം. ഇമാം ബുഖാരിയും അബൂദാവൂദും മറ്റും ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:
عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأُمِّ سَلَمَةَ أَنَّ أَبَا حُذَيْفَةَ بْنَ عُتْبَةَ بْنِ رَبِيعَةَ بْنِ عَبْدِ شَمْسٍ كَانَ تَبَنَّى سَالِمًا وَأَنْكَحَهُ ابْنَةَ أَخِيهِ هِنْدَ بِنْتَ الْوَلِيدِ بْنِ عُتْبَةَ بْنِ رَبِيعَةَ وَهُوَ مَوْلًى لِامْرَأَةٍ مِنْ الْأَنْصَارِ كَمَا تَبَنَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَيْدًا وَكَانَ مَنْ تَبَنَّى رَجُلًا فِي الْجَاهِلِيَّةِ دَعَاهُ النَّاسُ إِلَيْهِ وَوُرِّثَ مِيرَاثَهُ حَتَّى أَنْزَلَ اللَّهُ سُبْحَانَهُ وَتَعَالَى فِي ذَلِكَ ادْعُوهُمْ لآبَائِهِمْ إِلَى قَوْلِهِ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ سورة الأحزاب آية 5 فَرُدُّوا إِلَى آبَائِهِمْ فَمَنْ لَمْ يُعْلَمْ لَهُ أَبٌ كَانَ مَوْلًى وَأَخًا فِي الدِّينِ فَجَاءَتْ سَهْلَةُ بِنْتُ سُهَيْلِ بْنِ عَمْرٍو الْقُرَشِيِّ ثُمَّ الْعَامِرِيِّ وَهِيَ امْرَأَةُ أَبِي حُذَيْفَةَ فَقَالَتْ يَا رَسُولَ اللَّهِ إِنَّا كُنَّا نَرَى سَالِمًا وَلَدًا وَكَانَ يَأْوِي مَعِي وَمَعَ أَبِي حُذَيْفَةَ فِي بَيْتٍ وَاحِدٍ وَيَرَانِي فُضْلًا وَقَدْ أَنْزَلَ اللَّهُ عَزَّ وَجَلَّ فِيهِمْ مَا قَدْ عَلِمْتَ فَكَيْفَ تَرَى فِيهِ ؟ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " أَرْضِعِيهِ " فَأَرْضَعَتْهُ خَمْسَ رَضَعَاتٍ فَكَانَ بِمَنْزِلَةِ وَلَدِهَا مِنَ الرَّضَاعَةِ… إلخ.
ഹദീസിന്റെ ആശയ സംക്ഷിപ്തം:
നബി ﷺ യുടെ പത്നിയായ ആഇഷ (റ) യും ഉമ്മു സലമ (റ) യും ഉദ്ധരിക്കുന്നു: അബൂ ഹുദൈഫ (റ) സാലിമിനെ ദത്ത് പുത്രനായി സ്വീകരിച്ചിരുന്നു. അദ്ദേഹം തന്റെ സഹോദരി പുത്രിയുമായി സാലിമിനെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു, നബി സൈദ് (റ) വിനെ ദത്തുപുത്രനായി സ്വീകരിച്ചിരുന്നത് പോലെ. ജാഹിലിയ്യ കാലഘട്ടത്തിൽ, ഒരാൾ ദത്ത് പുത്രനെ സ്വീകരിച്ചാൽ അദ്ദേഹത്തിലേക്ക് ചേർത്തായിരുന്നു പിന്നെ ആ പുത്രനെ വിളിച്ചിരുന്നത്. ആ പുത്രന് അദ്ദേഹത്തിൽ നിന്ന് അനന്തരവും നൽകിയിരുന്നു. എന്നാൽ പ്രസ്തുത വിഷയത്തിൽ അല്ലാഹു ഈ വചനം അവതരിപ്പിച്ചു: “നിങ്ങള്‍ അവരെ (ദത്തുപുത്രന്മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു.” ((3) സൂറത്തുൽ അഹ്സാബ്: 33) അപ്പോൾ അവർ ദത്തുപുത്രന്മാരെ തങ്ങളുടെ സ്വന്തം പിതാക്കളിലേക്ക് തന്നെ ചേർത്തു വിളിക്കുകയും, സ്വപിതാക്കളുടെ അനന്തരം അവർക്ക് നൽകുകയും, വളർത്തു പിതാക്കളുടെ അനന്തരം നൽകാതിരിക്കുകയും ചെയ്തു. എന്നാൽ പിതാവ് ആരാണെന്ന് അറിയാത്തവരെ മതപരമായ സഹോദരങ്ങളോ മിത്രങ്ങളോ ആയി മാത്രം അവർ പരിഗണിച്ചു. അങ്ങനെയിരിക്കെ, അബു ഹുദൈഫ (റ) ൻ്റെ പത്നിയായ സഹല (റ) നബി ﷺ യുടെ അടുത്ത് വന്നു പറഞ്ഞു: അല്ലാഹുവിൻറെ ദൂതരെ, സാലിമിനെ സ്വന്തം മകനായി ആയിരുന്നു ഞങ്ങൾ കണ്ടിരുന്നത്. അവൻ എൻറെയും അബു ഹുദൈഫയുടെയും കൂടെ ഒറ്റ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നെ വീട്ടുവസ്ത്രത്തിലായി അവൻ കണ്ടിരുന്നു. എന്നാൽ നിങ്ങൾക്കറിയാവുന്ന പോലെ ദത്തുപുത്രന്മാരുടെ വിഷയത്തിൽ അല്ലാഹു നിയമം ഇറക്കിയിരിക്കുന്നു. അപ്പോൾ അവൻറെ വിഷയത്തിൽ എന്താണ് നിങ്ങളുടെ അഭിപ്രായം? അപ്പോൾ നബി ﷺ പറഞ്ഞു: “നിങ്ങൾ അവനുമായി മുലപ്പാൽ ബന്ധം സ്ഥാപിക്കുക.” അങ്ങനെ അവർ അദ്ദേഹത്തിന് അഞ്ചു തവണ മുലപ്പാൽ നൽകി. അദ്ദേഹം അവരുടെ മുലകുടി ബന്ധത്തിലുള്ള മകൻറെ സ്ഥാനത്തായി തീരുകയും ചെയ്തു.
അബൂ ഹുദൈഫ-സഹല ദമ്പതികൾ സാലിം (റ) വിനെ സ്വന്തം മകനെ പോലെയായിരുന്നു കണ്ടിരുന്നത് എന്നും, അത് അന്നത്തെ അവരുടെ സമ്പ്രദായത്തിന്റെ ഭാഗമായിരുന്നു എന്നും വ്യക്തമാകുന്നു. പിന്നീട്, ദത്തുപുത്രന്മാരെ അത്തരത്തിൽ കാണാവതല്ല എന്ന നിയമം അല്ലാഹു അവതരിപ്പിക്കുകയും അത് പ്രകാരം നബി ﷺ യും തന്റെ അനുചരന്മാരും ആ സമ്പ്രദായം ഉപേക്ഷിച്ചതായും ഹദീസിൽ കാണുന്നു.
അതേസമയം, സാലിം (റ) ൻ്റെ വിഷയത്തിൽ, അദ്ദേഹത്തെ അത്രത്തോളം അടുത്ത സ്വന്തം മകനായി കാണുകയും അടുത്തിടപഴകുകയും ചെയ്തിരുന്ന സഹല (റ) വല്ല ഇളവും ലഭിക്കുമോ എന്നറിയാൻ നബി ﷺ യുടെ അടുത്തു പോവുകയായിരുന്നു. മാത്രമല്ല, പ്രസ്തുത നിയമമിറങ്ങിയശേഷം, സാലിമിനെ തൻറെ ഭാര്യയുടെ അടുത്ത് കാണുന്നതിൽ ഭർത്താവ് അബൂ ഹുദൈഫ (റ) വിന് ഉണ്ടായിരുന്ന പ്രയാസം എന്തായിരുന്നു എന്നും ഹദീസുകളിൽ വ്യക്തമാണ്. സ്വന്തം മകനായി കണ്ടിരുന്ന സാലിമിനെ വീട്ടിൽ ഇടപഴകുന്നതിൽ നിന്ന് തടുക്കുവാനുള്ള മാനസിക പ്രയാസവും, അതേസമയം അല്ലാഹുവിൻറെ വിധി ആ വിഷയത്തിൽ ഇറങ്ങിയതും അദ്ദേഹത്തെ മാനസിക സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു. ഇമാം സിന്ദി (റ) തൻറെ സുനനു നസാഇയുടെ വിവരണത്തിൽ പറയുന്നു:
وَأَبُو حُذَيْفَةَ زَوْجُ سَهْلَةَ وَقَدْ تَبَنَّى سَالِمًا حِينَ كَانَ التَّبَنِّي غَيْرَ مَمْنُوعٍ فَكَانَ يَسْكُنُ مَعَهُمْ فِي بَيْتٍ وَاحِدٍ فَحِينَ نَزَلَ قَوْلُهُ تَعَالَى ادْعُوهُمْ لِآبَائِهِمْ وَحُرِّمَ التَّبَنِّي كَرِهَ أَبُو حُذَيْفَةَ دُخُولَ سَالِمٍ
സാരം: “സഹല (റ) യുടെ ഭർത്താവായ അബൂ ഹുദൈഫ സാലിമിനെ ദത്തുപുത്രനായി വളർത്തിയിരുന്നു. അന്ന് ദത്തുപുത്രന്മാരെ സ്വീകരിക്കൽ വിലക്കപ്പെട്ടതായിരുന്നില്ല. അന്ന് സാലിം അവരുടെ കൂടെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, “നിങ്ങൾ അവരെ അവരുടെ പിതാക്കളിലേക്ക് ചേർത്തു വിളിക്കുക” എന്ന വചനം ഇറങ്ങിയപ്പോൾ, അബൂ ഹുദൈഫ സാലിമിന്റെ വീട്ടിലേക്കുള്ള പ്രവേശനത്തെ വെറുക്കുകയായിരുന്നു.”
എന്നാൽ, എന്തോ ഒരു അവിഹിത ബന്ധം ഏതോ ഒരു യുവാവായ സാലിമുമായി തന്റെ ഭാര്യയായ സഹലക്ക് ഉണ്ടോ എന്ന ധാരണയോ, സംശയമുള്ളതിന്റെ പേരിലോ, അല്ലെങ്കിൽ, തൻറെ വീട്ടിൽ കയറി വന്ന് തന്റെ ഭാര്യയോട് തൻറെ തൃപ്തിയില്ലാത്ത ഏതോ ഒരു യുവാവ് സംസാരിക്കുന്നതിലോ ഒക്കെയുള്ള മാനസിക പ്രയാസമാണ് അബു ഹുദൈഫ (റ) വിന് ഉണ്ടായത് എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് വിമർശകൻ അർത്ഥം നൽകിയിട്ടുള്ളത്. സാലിം അവരുടെ ദത്തുപുത്രൻ ആയിരുന്നു എന്നോ, അവരുമായുള്ള സാലിമിന്റെ ബന്ധത്തിൻറെ ആഴമോ, അത് അവരുടെ സാധാരണ സമ്പ്രദായം ആണെന്നോ തുടങ്ങിയ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ഒന്നും ഒരു സൂചന പോലും വിമർശകൻ നൽകിയില്ല. എന്നുമാത്രമല്ല, ഹദീസിലുള്ള നബി ﷺ യും സഹല (റ) തമ്മിൽ നടന്ന സംഭാഷണത്തിലെ ചില പ്രയോഗങ്ങളും വാക്കുകളും, എല്ലാം തന്നെ വ്യഭിചാരത്തിനും അവിഹിതബന്ധത്തിനും പ്രോത്സാഹിപ്പിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരിഭാഷപ്പെടുത്തുകയും ചെയ്തു.
ചെറുപ്പം മുതൽ തന്നെ, തങ്ങൾ വളർത്തുന്ന സ്വന്തം ദത്തു പുത്രൻ സ്വന്തം ഭാര്യയുമായി ഇടപഴകുന്നതിൽ സാധാരണയായി ഭർത്താക്കന്മാർക്ക് ഇത്തരത്തിലുള്ള ഒരു തോന്നലുകളും കടന്നു വരാറില്ല എന്നതും, അത്രയും കാലം ഒരു കുടുംബം പോലെ ഒപ്പം കഴിഞ്ഞിരുന്ന അവർക്കിടയിൽ അത്തരത്തിലുള്ള ഒരു ചിന്തയും ഉണ്ടാവുകയില്ല എന്നതും ആർക്കും മനസ്സിലാകുന്ന കാര്യമാണ്. അത് ഇന്നും നമ്മുടെ സമൂഹത്തിൽ ഉള്ള ദത്തുപുത്രന്മാരെയും, അവരെ വളർത്തിയ രക്ഷിതാക്കളുമായുള്ള അവരുടെ ബന്ധത്തിൻറെ പ്രകൃതത്തെക്കുറിച്ചും അറിയുന്നവർക്ക് മനസ്സിലാകുന്ന കാര്യമാണ്. എങ്കിൽ, എത്രത്തോളം വലിയ അക്രമമാണ് ഈ വിമർശകൻ മഹാന്മാരായ സ്വഹാബാക്കളോട് ചെയ്തത്! എന്നിട്ട് പ്രവാചകൻ ﷺ തോന്നിവാസത്തിന് പ്രേരണ നൽകിയതാണ് പോലും! ഇത്തരത്തിലുള്ള കടുത്ത കുഫ്രിയായ വാദങ്ങളിൽ നിന്ന് അല്ലാഹുവിൽ ശരണം.
ഇനി പ്രധാനമായും വിമർശകർ ഇതിൽ ദുരുപയോഗം ചെയ്യുന്ന ഭാഗം, വലിയ പുരുഷനുമായി ഒരു സ്ത്രീ മുലകുടി ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഭാഗമാകുന്നു. അതുതന്നെയാണ് ഈ വിമർശനത്തിന്റെ കാതലും.
ഇതിൽ ആമുഖമായി മനസ്സിലാക്കേണ്ടത്, ജാഹിലിയ്യത്തിൽ ഉണ്ടാവുകയും നബി ﷺ അംഗീകരിക്കുകയും ചെയ്ത, ഇസ്ലാം അനുവദിക്കുന്ന ഒരു സമ്പ്രദായമാണ്, പ്രസവിച്ച മാതാവല്ലാത്ത മറ്റുള്ള സ്ത്രീകളെ കൊണ്ട് മുലകുടി പ്രായത്തിൽ കുട്ടിക്ക് മുലപ്പാൽ കൊടുപ്പിക്കുക എന്നത്. ഇസ്ലാമിൽ ഇത് അനുവദനീയമാകുന്നു. കുട്ടികൾക്ക് മുലപ്പാൽ നൽകുക എന്നത് പ്രസവിച്ച മാതാപിതാക്കളുടെ ബാധ്യതയായി വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റുള്ള മുലപ്പാൽ ഉള്ള സ്ത്രീകളെക്കൊണ്ടും മുല കൊടുപ്പിക്കാവുന്നതാകുന്നു. അത്തരത്തിൽ, ഒരു സ്ത്രീ ഏതെങ്കിലും മുലകുടി പ്രായത്തിലുള്ള കുഞ്ഞിനെ അഞ്ചു തവണ മുലയൂട്ടിയാൽ ആ സ്ത്രീ പിന്നെ ആ കുഞ്ഞിൻറെ മുലകുടി ബന്ധത്തിലുള്ള മാതാവ് ആകുന്നു. ആ സ്ത്രീയുടെ ഭർത്താവ് മുലകുടി ബന്ധത്തിലുള്ള പിതാവും ആകുന്നു. ജനനത്തിലൂടെ എന്തൊക്കെയാണോ തന്റെ സ്വന്തം മാതാവുമായും കുടുംബവുമായും സ്ഥിരപ്പെടുന്നത്, ആ നിയമങ്ങളെല്ലാം തന്നെ മുലകുടി ബന്ധത്തിലൂടെയുള്ള തൻറെ മാതാവുമായും, ആ കുടുംബവുമായി സ്ഥിരപ്പെടും. ആ മാതാവിൻറെ പെൺമക്കൾ പിന്നെ സ്വന്തം സഹോദരികളെ പോലെയാകുന്നു. അവരുമായി വൈവാഹിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. ആ മുലകുടി ബന്ധത്തിലുള്ള മാതാക്കളും അവരുടെ മക്കളും എല്ലാം പിന്നെ ആ മുല കുടിച്ച കുട്ടിയുടെ ‘മഹറമുകൾ’ (വൈവാഹിക ബന്ധം നിഷിദ്ധമാക്കപ്പെട്ട, സ്വന്തം മാതാക്കളെയും സഹോദരികളെയും പോലെ) ആകുന്നു. അല്ലാഹു അത്തരത്തിലുള്ള മഹറമുകളെ എണ്ണിപ്പറയുന്നടത്ത് പറഞ്ഞു:
{ حُرِّمَتۡ عَلَیۡكُمۡ أُمَّهَـٰتُكُمۡ وَبَنَاتُكُمۡ وَأَخَوَ ٰتُكُمۡ وَعَمَّـٰتُكُمۡ وَخَـٰلَـٰتُكُمۡ وَبَنَاتُ ٱلۡأَخِ وَبَنَاتُ ٱلۡأُخۡتِ وَأُمَّهَـٰتُكُمُ ٱلَّـٰتِیۤ أَرۡضَعۡنَكُمۡ وَأَخَوَ ٰتُكُم مِّنَ ٱلرَّضَـٰعَةِ… }
[سورة النساء: 23]
“നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാർ, സഹോദരീ പുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.”
അപ്പോൾ, ഇത്തരത്തിലുള്ള ഒരു മുലകുടി ബന്ധത്തിലൂടെ ഒരു സ്ത്രീ ഒരാളുടെ സ്വന്തം മാതാവിനെ പോലെ അടുത്തിടപഴകാവുന്ന വിവാഹബന്ധം നിഷിദ്ധമായ അവസ്ഥയിൽ ആയിത്തീരുന്നു. എന്നാൽ, മുലകുടി ബന്ധം സ്ഥാപിക്കൽ ഏത് പ്രായം വരെ ആകാം എന്ന വിഷയത്തിൽ അഭിപ്രായഭിന്നതയുണ്ട്. നാലു മദ്ഹബിന്റെ പണ്ഡിതന്മാർ അടക്കം മഹാഭൂരിഭാഗം വരുന്ന സ്വഹാബത്തും താബിഈങ്ങളും അല്ലാത്തവരുമായ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് ഒരു കുട്ടിയുടെ മുലകുടി പ്രായത്തിൽ ആയിരിക്കണം എന്നതാണ്. അതിന് അവർക്ക് ധാരാളം തെളിവുകളും ഉണ്ട്. അല്ലാഹു പറഞ്ഞു:
{ ۞ وَٱلۡوَ ٰلِدَ ٰتُ یُرۡضِعۡنَ أَوۡلَـٰدَهُنَّ حَوۡلَیۡنِ كَامِلَیۡنِۖ لِمَنۡ أَرَادَ أَن یُتِمَّ ٱلرَّضَاعَةَۚ }
[سورة البقرة: 233]
“മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്.”
പ്രസ്തുത വചനത്തിൽ മുലകുടി രണ്ടുവർഷം പൂർത്തിയാവുക എന്ന് പറയുക വഴി, അതാണ് മുലകുടിയുടെ പ്രായം എന്ന് വ്യക്തമാണ്.
ഈ ആശയത്തിൽ പല നബിവചനങ്ങളും കാണാവുന്നതാകുന്നു:
عَنْ أُمِّ سَلَمَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ " لا يُحَرِّمُ مِنَ الرَّضَاعَةِ إِِلا مَا فَتَقَ الأَمْعَاءَ، وَكَانَ قَبْلَ الْفِطَامِ " (الترمذي)
നബി ﷺ പറഞ്ഞു: മുലകുടി ബന്ധത്തിൻ്റെ പ്രായം അവസാനിക്കുന്നതിന് മുമ്പായി, മുലയിൽ നിന്ന് കുടിക്കുകയും, അതുമൂലം കുട്ടിയുടെ കുടൽ വികസിക്കുന്നതിൽ സ്വാധീനം ഉണ്ടാവുകയും ചെയ്യുന്ന തരത്തിലുള്ള മുലകുടി പ്രകാരം മാത്രമെ മുലകുടി ബന്ധവും അത് മുഖേനയുള്ള വിധികളും സ്ഥിരപ്പെടുകയുള്ളൂ.”
ഈ അഭിപ്രായമാണ് പല സ്വഹാബത്തിൽ നിന്നും വന്നതും അതാണ് എക്കാലഘട്ടത്തിലെയും ഭൂരിപക്ഷം പണ്ഡിതന്മാരുടെ നിലപാടും. പക്ഷേ ഇവിടെ വിഷയീഭവിച്ച ഹദീസിൽ വന്നത് പ്രകാരം, വലിയ പുരുഷനായിരുന്ന സാലിമിന് മുലപ്പാൽ കൊടുക്കാനും അത് മുഖേന മുലകുടി ബന്ധം സ്ഥാപിക്കാനും നബി ﷺ ആവശ്യപ്പെടുകയും ചെയ്തതാണ് നാം കാണുന്നത്.
ഈ ഹദീസ് കേൾക്കുമ്പോൾ തെറ്റിദ്ധരിക്കാൻ ഇടയുള്ളതും, തെറ്റിദ്ധരിപ്പിക്കുവാൻ ദുരുപയോഗം ചെയ്യപ്പെടാറുമുള്ള ഒരു ധാരണ ആദ്യമേ തിരുത്താം: വിമർശകൻ “മുല കൊടുക്കുക” എന്ന് അർത്ഥം വെച്ച, ഹദീസുകളിൽ ഉള്ള “أرضعيه” എന്ന പദം കൊണ്ട് സാധാരണ ചെറിയ കുട്ടികൾ മുലപ്പാൽ കുടിക്കാറുള്ള പോലെ, വലിയ പുരുഷനും സ്ത്രീയുടെ സ്തനങ്ങളിൽ നിന്ന് നേരിട്ട് ചുണ്ടുകൾ മുഖേന കുടിക്കുക എന്ന് അർത്ഥമാക്കുന്നില്ല. മറിച്ച്, ഒരു സ്ത്രീയുടെ മുലപ്പാൽ എങ്ങനെ കുടിച്ചാലും, അത് നേരിട്ട് ആയാലും, അല്ലാതെ ഒരു പാത്രത്തിലോ മറ്റോ ശേഖരിച്ചുവച്ച് അതിൽ നിന്ന് കുടിച്ചാലും എല്ലാം അത് സാങ്കേതികമായി “الرضاعة” “മുലകുടി ബന്ധം” എന്നു പറയും. ഇവിടെ സാലിമിനെ സഹല (റ) മുലപ്പാൽ കുടിപ്പിച്ച രീതി എന്തായിരുന്നു എന്ന് വളരെ വ്യക്തമായി ഇബിനു സഅദ് തൻ്റെ الطبقات الكبرى എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഹദീസിൽ കാണാം:
عن محمد بن عبد الله ابن أخى الزهرى عن أبيه قال: كان يحلب في مُسعَط أو إناء قدر رضعة فيشربه سالم كلّ يوم، خمسة أيّام. وكان بعد يدخل عليها وهى حاسر، رُخْصة من رسول الله لسهلة بنت سهيل.
സാരം: ഒരുതവണ മുലപ്പാൽ കുടിക്കുന്ന അത്രയും പാൽ കൊള്ളുന്ന തരത്തിലുള്ള പാത്രത്തിൽ അവർ പാൽ ശേഖരിക്കുകയും, എന്നിട്ട് അത് സാലിം കുടിക്കുകയും ചെയ്തിരുന്നു. അങ്ങനെ അഞ്ചു ദിവസം സാലിം കുടിച്ചു. അതിനുശേഷം അവരുടെ തലയും കൈകളും കാണുന്ന തരത്തിൽ അവരുടെ വീട്ടിൽ പ്രവേശിച്ചിരുന്നു. അത് സഹല ബിൻത് സുഹൈലിന് അല്ലാഹുവിൻറെ റസൂൽ ﷺ നൽകിയ ഒരു ഇളവായിരുന്നു.
അവരുടെ ചർമ്മങ്ങൾ തമ്മിൽ സ്പർശിക്കുക പോലും ചെയ്യാതെ, മാന്യതയുടെ എല്ലാ അതിർവരമ്പുകളും കാത്തുസൂക്ഷിച്ചു കൊണ്ടാണ് അവർ മുലപ്പാൽ ബന്ധം സ്ഥാപിച്ചത് എന്ന് വ്യക്തം. ഇത്തരത്തിലാണ് അത് ഉണ്ടായത് എന്ന് ഖാളി ഇയാള്വ് പറയുകയും, ഇമാം നവവി ശരിവെക്കുകയും ചെയ്തതായിട്ട് ശറഹു മുസ്ലിമിൽ മുസ്ലിമിൽ കാണാം.
അപ്പോൾ, ഈ സംഭവം നേരത്തെ പറഞ്ഞ തെളിവുകൾക്കെല്ലാം എതിരല്ലേ? മുലകുടി പ്രായം കഴിഞ്ഞതിനു ശേഷം ആണല്ലോ ഇതുണ്ടായത് എന്ന് ചോദ്യത്തിന് പണ്ഡിതന്മാർ പല രീതിയിൽ മറുപടി പറഞ്ഞു കാണാം. ഇബ്നുൽ ഖയ്യിം (റ) പറയുന്നു:
والأكثرون حملوا الحديثَ إما على الخصوص وإما على النسخ.
واستدلوا على النسخ بأن قصِّةَ سالم كانت في أول الهجرة، لأنها جرت عقب نزول الآية، والآية نزلت في أوائل الهجرة. وأما أحاديث الحكم بأن التحريم يختص بالصغر، فرواها مَن تأخَّر إسلامهم من الصحابة، نحو أبي هريرة وابن عباس وغيرهم فتكون أولى.
അർത്ഥം: “ഭൂരിപക്ഷം പണ്ഡിതന്മാരും ഈ ഹദീസിനെ ഒന്നുകിൽ അത് അവർക്ക് (സഹല (റ)) പ്രത്യേകമായുള്ള വിധിയാണെന്ന് അർത്ഥത്തിൽ എടുക്കുകയോ, അല്ലെങ്കിൽ ആ വിധി ഉയർത്തപ്പെട്ടത് ആണെന്നോ പറയുന്നു. ആദ്യം ഉണ്ടാവുകയും പിന്നീട് എടുത്തു മാറ്റുകയും ചെയ്ത (നസ്ഖ് ചെയ്യപ്പെട്ട) വിധിയാണെന്ന് പറയാനുള്ള അവരുടെ ന്യായം, ഈ സംഭവം നടന്നത് ഇതുമായി ബന്ധപ്പെട്ട ആയത്ത് അവതരിച്ചതിന് തൊട്ടുടനെയാണ്, ഈ ആയത്ത് ആകട്ടെ ഹിജ്റയുടെ ആദ്യ സമയങ്ങളിലാണ് അവതരിച്ചത്. എന്നാൽ, ചെറുപ്രായത്തിൽ മാത്രമേ മുലകുടി ബന്ധം സ്ഥിരപ്പെടുകയുള്ളൂ എന്ന ഹദീസുകൾ ഉദ്ധരിച്ചതാകട്ടെ അവസാന കാലഘട്ടത്തിൽ ഇസ്ലാം സ്വീകരിച്ച സ്വഹാബികൾ ആകുന്നു. അബു ഹുറൈറ, ഇബ്നു അബ്ബാസ് (റ) പോലുള്ളവർ, അപ്പോൾ ഈ അഭിപ്രായമാണ് കൂടുതൽ പ്രബലം.”
ആഇഷ (റ) യും വളരെ ചുരുക്കം ചില താബിഈ വര്യൻന്മാരും പണ്ഡിതന്മാരും ഒഴിച്ചാൽ ബാക്കിയുള്ള എല്ലാ പ്രവാചക പത്നിമാരും, മറ്റുള്ള മുൻഗാമികളും എല്ലാം ഇബ്നുൽ ഖയ്യിം ഈ പറഞ്ഞ ഈ രണ്ടാലൊരു നിലപാടുകാരായിരുന്നു. മറ്റുള്ള പ്രവാചക പത്നിമാരുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്ന ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസ്:
أَنَّ أُمَّ سَلَمَةَ زَوْجَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَتْ تَقُولُ : " أَبَى سَائِرُ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُدْخِلْنَ عَلَيْهِنَّ أَحَدًا بِتِلْكَ الرَّضَاعَةِ ، وَقُلْنَ لِعَائِشَةَ : وَاللَّهِ مَا نَرَى هَذَا إِلَّا رُخْصَةً أَرْخَصَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِسَالِمٍ خَاصَّةً فَمَا هُوَ بِدَاخِلٍ عَلَيْنَا أَحَدٌ بِهَذِهِ الرَّضَاعَةِ وَلَا رَائِينَا " .
ഉമ്മുസലമ (റ) പറഞ്ഞു: അത്തരത്തിലുള്ള വലിയ പുരുഷന്മാർക്ക് മുലപ്പാൽ കുടിപ്പിക്കുക വഴി മുലകുടി ബന്ധം സ്ഥാപിക്കുന്നതിനേയും, അതു മുഖേന അവരുടെ അടുത്ത് ആരെയെങ്കിലും പ്രവേശിപ്പിക്കുന്നതിനേയും പ്രവാചക പത്നിമാർ എല്ലാം എതിർത്തിരുന്നു. അവർ ആഇഷയോട് പറഞ്ഞിരുന്നത്: “അല്ലാഹുവാണ് സത്യം, ഇത് നബി ﷺ സാലിമിന് പ്രത്യേകമായി നൽകിയ ഒരു ഇളവ് മാത്രമായാണ് ഞങ്ങൾ കാണുന്നത്. അത്തരത്തിലുള്ള മുലകുടി ബന്ധം കൊണ്ട് ഒരാളും ഞങ്ങളുടെ അടുത്ത് പ്രവേശിക്കേണ്ടതില്ല, ഒരാളും ഞങ്ങളെ കാണേണ്ടതുമില്ല.”
എന്നാൽ, ആഇഷ (റ) ആകട്ടെ അത് അത്തരത്തിൽ ആരെയെങ്കിലും മഹറം ആക്കണമെങ്കിൽ ചെയ്യാവുന്നതായിട്ടുള്ള ഒരു മാതൃക എന്നോണം ആണ് മനസ്സിലാക്കിയിരുന്നത്. അത് വ്യക്തമാക്കുന്ന ഹദീസ് നോക്കുക:
عَنْ زَيْنَبَ بِنْتِ أُمِّ سَلَمَةَ قَالَت قَالَت أُمُّ سَلَمَةَ لِعَائِشَةَ إِنَّهُ يَدْخُلُ عَلَيْكِ الْغُلَامُ الْأَيْفَعُ الَّذِي مَا أُحِبُّ أَنْ يَدْخُلَ عَلَيَّ قَالَ فقَالَت عَائِشَةُ أَمَا لَكِ فِي رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُسْوَةٌ ؟ قَالَت إِنَّ امْرَأَةَ أَبِي حُذَيْفَةَ قَالَت يَا رَسُولَ اللَّهِ… الحديث.
ആഇഷ (റ) യോട് ഉമ്മു സലമ (റ) പറഞ്ഞു: ഞാൻ എൻറെ അടുക്കൽ പ്രവേശിക്കുന്നതിന് ഇഷ്ടപ്പെടാത്ത തരത്തിലുള്ള പ്രായപൂർത്തി എത്താറായ ചില കുട്ടികൾ നിൻറെ അടുക്കൽ പ്രവേശിക്കുന്നുണ്ടല്ലോ?
അപ്പോൾ ആഇഷ (റ) പറഞ്ഞു: അല്ലാഹുവിൻറെ ദൂതരിൽ നിനക്ക് മാതൃക ഇല്ലേ? എന്നിട്ട് സഹല, സാലിം (റ) യുടെ ഹദീസ് ഉദ്ധരിച്ചു.
നമ്മൾ നേരത്തെ പറഞ്ഞ ബുഖാരിയും അബുദാവൂദും ഉദ്ധരിച്ച ഒരു ഹദീസിന്റെ ശേഷിക്കുന്ന ഭാഗത്ത് ഈ കാര്യം വളരെ വ്യക്തമായി നമുക്ക് കാണാം:
فَبِذَلِكَ كَانَتْ عَائِشَةُ رَضِيَ اللَّهُ عَنْهَا تَأْمُرُ بَنَاتِ أَخَوَاتِهَا وَبَنَاتِ إِخْوَتِهَا أَنْ يُرْضِعْنَ مَنْ أَحَبَّتْ عَائِشَةُ أَنْ يَرَاهَا وَيَدْخُلَ عَلَيْهَا وَإِنْ كَانَ كَبِيرًا خَمْسَ رَضَعَاتٍ ، ثُمَّ يَدْخُلُ عَلَيْهَا ، وَأَبَتْ أُمُّ سَلَمَةَ وَسَائِرُ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُدْخِلْنَ عَلَيْهِنَّ بِتِلْكَ الرَّضَاعَةِ أَحَدًا مِنَ النَّاسِ حَتَّى يَرْضَعَ فِي الْمَهْدِ ، وَقُلْنَ لِعَائِشَةَ : وَاللَّهِ مَا نَدْرِي ؟ لَعَلَّهَا كَانَتْ رُخْصَةً مِنَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِسَالِمٍ دُونَ النَّاسِ .
സഹല (റ) യുടെ സംഭവം പറഞ്ഞശേഷം നിവേദകൻ പറയുന്നു: ആരെങ്കിലും ആഇഷ (റ) യുടെ അടുക്കൽ പ്രവേശിക്കണമെന്നും അവരെ കാണണമെന്നും അവർ ഉദ്ദേശിച്ചാൽ, തൻറെ സഹോദരിമാരുടെയും സഹോദരന്മാരുടെയും ഒക്കെ പെൺമക്കളോട് അദ്ദേഹത്തിന് മുലപ്പാൽ കൊടുക്കാൻ കൽപ്പിക്കുമായിരുന്നു; ആ വ്യക്തി വലിയ ആളാണെങ്കിൽ പോലും. അഞ്ചുതവണ മുലപ്പാൽ കൊടുത്ത ശേഷം, അദ്ദേഹം അവരുടെ അടുക്കൽ പ്രവേശിക്കുമായിരുന്നു. എന്നാൽ ഉമ്മു സലമയും മറ്റുള്ള പ്രവാചകപത്മാരും ഇത്തരത്തിലുള്ള വലിയ പുരുഷന് മുലപ്പാൽ കുടിപ്പിക്കുക വഴി തങ്ങളുടെ അടുത്ത് പ്രവേശിപ്പിക്കുന്നതിന് വിസമ്മതിച്ചു. കുട്ടി പ്രായത്തിൽ മുലകുടി ബന്ധം സ്ഥിരപ്പെട്ടാൽ മാത്രമേ അവർ അംഗീകരിച്ചിരുന്നുള്ളൂ. അവർ ആഇഷയോട് പറഞ്ഞിരുന്നു: “അല്ലാഹുവാണ് സത്യം, നമുക്കറിയില്ല. അത് നബി ﷺ യിൽ നിന്നും സാലിമിന് മാത്രം കിട്ടിയ ഒരു ഇളവ് ആയിരിക്കാം.”
ചുരുക്കത്തിൽ, ഇതിൽ ഒരു നിലക്കും വ്യഭിചാരത്തിനുള്ള ഒരു പ്രേരണയും ഇല്ല. വലിയ പുരുഷന്മാരുമായി മുലകുടി ബന്ധം സ്ഥാപിക്കൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുള്ള ഒരു വിഷയമാകുന്നു. മഹാഭൂരിഭാഗം വരുന്ന പണ്ഡിതന്മാരും അത് കൊണ്ട് മുലകുടി ബന്ധം സ്ഥിരപ്പെടില്ല എന്ന് അഭിപ്രായപ്പെടുന്നു. സ്ഥിരപ്പെടും എന്ന അഭിപ്രായമുള്ള പണ്ഡിതന്മാരും ഉണ്ട്. അവരിൽ പ്രഥമയാണ് ആഇഷ (റ). എന്നാൽ, ഇബ്നു തൈമിയ്യ, ശൗക്കാനി, സ്വൻആനി, അൽബാനി പോലുള്ള പല പണ്ഡിതന്മാരും സാലിമിന്റെ ഹദീസിൽ പറയപ്പെട്ടത് പോലുള്ള നിർബന്ധ സാഹചര്യമോ അത്യാവശ്യ ഘട്ടങ്ങളോ ഉള്ളവർക്ക് അങ്ങനെ ആകാം എന്ന് പറയുന്നവരാകുന്നു. ആ ഹദീസിൽ പറയപ്പെട്ടത് പോലുള്ള സാഹചര്യം ഉണ്ടാകൽ തന്നെ അത്യപൂർവ്വമാണ്. കാരണം, സ്വന്തം മക്കളെ പോലെ ദത്തുപുത്രന്മാരെ വളർത്തുവാൻ പാടില്ല എന്നത് ഇസ്ലാമിലെ നിയമമാണ്. ആദ്യകാലഘട്ടത്തിൽ ആ നിയമം ഇല്ലാത്തതുകൊണ്ടായിരുന്നു അവർ അങ്ങനെ ചെയ്തത്. ആ നിയമം പ്രാബല്യത്തിൽ ഇല്ലാത്ത കാലഘട്ടത്തിൽ സ്വന്തം മകനെപ്പോലെ കണ്ടിരുന്ന സാലിമിനെ അത്തരത്തിൽ വളർത്തിയത് കൊണ്ടാണല്ലോ ഈ ഇളവ് നൽകേണ്ടി വന്നത്. സ്വന്തം മക്കളെപ്പോലെ ദത്തുപുത്രന്മാരെ കാണുവാൻ ഇളവില്ലാത്തടത്തോളം ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാൻ സാധ്യത വളരെ വിരളമാണ്. എന്നാലും ആ സാധ്യതയെ പൂർണ്ണമായും തള്ളിക്കളയാൻ ആകില്ല. എങ്ങനെ വന്നാലും, ഈ മുലകുടി ബന്ധം സ്ഥാപിക്കൽ ഒരു പുരുഷൻ മറ്റൊരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുക പോലും ചെയ്യാതെയാണ് ഉണ്ടാകുന്നത് എന്നും അതിൻറെ രൂപം എന്താണെന്നും തെളിവുസഹിതം വ്യക്തമായല്ലോ.
ഇനി വിമർശകൻ എന്ത് ആരോപണത്തിന് വേണ്ടിയാണോ ഈ ഹദീസ് കൊണ്ടുവന്നത് അതിനുള്ള ഉരുളക്കുപ്പേരി മറുപടിയാകുന്നു യഥാർത്ഥത്തിൽ ഇതിൽ ഉള്ളത്. ഇവിടെ വ്യക്തമായി കഴിഞ്ഞതുപോലെ ഒരു നിലക്കുമുള്ള സ്പർശനം പോലുമില്ലാതെ മുലകുടി ബന്ധം സ്ഥാപിതമായി കഴിഞ്ഞാൽ, പിന്നെ ആ പുരുഷനും സ്ത്രീയും തമ്മിൽ മഹ്റമുകൾ ആകുന്നു. സ്വന്തം ഉമ്മയെയും പെങ്ങളെയും പോലെ ഒരു നിലക്കുമുള്ള ലൈംഗികമോ വൈവാഹികമോ ആയ ബന്ധവും പാടില്ലാത്തവരായിത്തീരുന്നു. പിന്നെയെങ്ങനെയാണ് ഇത് വ്യഭിചാരത്തിനുള്ള പ്രേരണയാകുന്നത്?! ഈ വിമർശകന്റെ കാര്യം ആശ്ചര്യകരവും പരിതാപകരവും തന്നെ!


Comments
Post a Comment