ഹദീഥുകൾ യുക്തിക്ക് നിരക്കാത്തവയോ ? - ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി
ചോദ്യം:
മനുഷ്യബുദ്ധിക്കും യുക്തിക്കും നിരക്കാത്തതും ഖുർആനിക ആശയങ്ങൾക്ക് വിരുദ്ധവുമായ പല കാര്യങ്ങളും ഹദീഥുകളിലുണ്ടെന്നും അതുകൊണ്ടുതന്നെ ഹദീഥുകൾ മതത്തിന്റെ പ്രമാണമല്ലെന്നും ഖുർആനാണ് ഏക പ്രമാണമെന്നും ചില സുഹൃത്തുക്കൾ പറയുന്നു. ഇതിന്റെ യാഥാർഥ്യമെന്താണ് !?
മറുപടി:
മനുഷ്യബുദ്ധി സ്ഥലകാല പരിമിതികൾക്കുള്ളിലാണ് പ്രവർത്തിക്കുന്നത് . പ്രപഞ്ചനാഥൻ സ്ഥലകാലങ്ങൾക്ക് അതീതനാണ്. അവൻ അഭൗതികവും കാലാതീതവുമായ യാഥാർഥ്യങ്ങളെ സംബന്ധിച്ച് വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും അറിയിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ ബുദ്ധിക്ക് പരിചിതമാകണമെന്നില്ല. വിശുദ്ധ ഖുർആനിൽ മലക്കുകളെയും ജിന്നുകളെയും പരലോകത്തെയും സ്വർഗ - നരകങ്ങളെയും സംബന്ധിച്ച് പരാമർശിച്ചിട്ടുണ്ട്. ഇതൊന്നും നമ്മുടെ ബുദ്ധിപരമായ പരിശോധനകളുടെ പരിധിയിൽ വരുന്നതല്ല. ഖുർആൻ ദൈവിക ഗ്രന്ഥമാണെന്ന് അനിഷേധ്യമായ തെളിവുകളിലൂടെ ബോധ്യപ്പെട്ടവർ ഇവയൊക്കെ തികച്ചും യാഥാർഥ്യമാണെന്ന് വിശ്വസിക്കുന്നു. അങ്ങനെ ബോധ്യ പ്പെടാത്തവർക്ക് ഇവയൊക്കെ യുക്തിക്ക് വിരുദ്ധമാണെന്ന് തോന്നും.
എല്ലാ വേദഗ്രന്ഥങ്ങളെയും നിശിതമായി വിമർശിക്കുന്ന യുക്തിവാദികൾ ഇവിടെയുണ്ടല്ലോ. ഭൗതികമായ കാര്യങ്ങളിലും ചിലരുടെ യുക്തിക്ക് നിരക്കുന്നത് മറ്റുള്ളവരുടെ യുക്തിക്ക് നിരക്കാത്ത പ്രശ്നമുണ്ട്. ഉദാഹരണമായി ചില യുക്തിവാദികൾ കോൺഗ്രസിനെ അനുകൂലിക്കുന്നത് കമ്യൂണിസ്റ്റുകാരായ യുക്തിവാദികൾക്ക് അയുക്തികമായി തോന്നുന്നു.
ഹദീഥുകൾ എന്ന പേരിൽ എഴുതപ്പെട്ടതും പറയപ്പെട്ടതുമെല്ലാം ഒരുപോലെ പ്രാമാണികമായി ഗണിക്കപ്പെടുന്നില്ല. മുഹമ്മദ് നബി (സ)യിൽനിന്ന്, തികച്ചും വിശ്വസ്തരെന്ന് വിലയിരുത്തപ്പെട്ട റിപ്പോർട്ടർമാരുടെ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ട കാര്യങ്ങൾക്ക് മാത്രമെ ആധികാരിക പണ്ഡിതന്മാർ പ്രാമാണികത കൽപിച്ചിട്ടുള്ളൂ.
മുഹമ്മദ് നബി (സ) മതത്തെ സംബന്ധിച്ച് സംസാരിച്ചത് തന്നിഷ്ടപ്രകാരം പ്രകാരമല്ലെന്നും ദൈവികമായ ബോധനം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും വിശുദ്ധ ഖുർആനിൽ (53:3,4) വ്യക്തമാക്കിയിരിക്കെ അദ്ദേഹത്തിന്റെ വചനങ്ങൾ പ്രമാണമല്ലെന്ന് പറയുന്നത് യഥാർഥത്തിൽ ഖുർആനിനെ തന്നെ തള്ളിപ്പറയലാകുന്നു. നബി(സ) യഥാർഥത്തിൽ പറഞ്ഞ ഒരു വാക്ക് വിശുദ്ധ ഖുർആനിന് വിരുദ്ധമാകാൻ യാതൊരു സാധ്യതയുമില്ല. എന്നാൽ നബി(സ) യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വാക്കുകളിൽ ചിലത് റിപ്പോർട്ടർമാരുടെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ നിമിത്തം ഖുർആനിൽ പറഞ്ഞതിന് വിരുദ്ധമാകാനും സാധ്യതയുണ്ട്. അങ്ങനെ ഏതെങ്കിലുമൊരു റിപ്പോർട്ട് വിശുദ്ധ ഖുർആനിന് തികച്ചും വിരുദ്ധമാണെന്ന് വ്യക്തമായാൽ അത് പ്രമാണമാക്കാവുന്നതല്ല. ഈ കാര്യം ഹദീഥ് നിദാനശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
അവലംബം: കൂടിക്കാഴ്ച, ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി (ഭാഗം:2 - പേജ് 101,102)


Comments
Post a Comment