മുത്അ വിവാഹം ഇമാം ബുഖാരിയുടെ സൃഷ്ടിയോ ? | വസ്തുതയെന്ത് ? - അൽതാഫ് അഹ്മദ്
വിമർശനം:
ഖുർആൻ വിരുദ്ധമായ ഈ വൈവാഹിക നിയമം ഇസ്ലാമിക സമൂഹത്തിൽ ബുഖാരിയുടെ ഹദീസ് വഴിയാണ് സ്ഥാപിക്കപ്പെട്ടത്. ആ ഹദീസ് കാണുക:
അബ്ദുല്ല (റ) പറയുന്നു: ഞങ്ങൾ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങളുടെ കൂടെ ഭാര്യമാർ ഉണ്ടാവാറില്ല. അപ്പോൾ ഞങ്ങൾ ചോദിച്ചു: ഞങ്ങൾ വികാരത്തെ നശിപ്പിക്കുന്ന പരിപാടി സ്വീകരിക്കട്ടെയോ? അതു നബി(സ) ഞങ്ങളോട് വിരോധിച്ചു. താൽക്കാലിക വിവാഹം അനുവദിച്ചു. ശേഷം അവിടുന്ന് ഖുർആനിലെ ആയത്ത് ഓതി; "അല്ലയോ വിശ്വാസികളെ, അല്ലാഹു നിങ്ങൾക്ക് അനുവദിച്ച നല്ലതു നിങ്ങൾ നിഷിദ്ധമാക്കരുത് ". (ബുഖാരി. 7. 62. 13)
ഈ ഹദീസിന്റെ അവസാനം പറഞ്ഞത് ശ്രദ്ധിച്ചു നോക്കുക. അല്ലാഹു നിങ്ങൾക്ക് അനുവദിച്ച നല്ലതിനെ നിങ്ങൾ നിഷിദ്ധമാക്കരുത് ' എന്ന് പറഞ്ഞാണ് മുത്അ' വിവാഹത്തെ നിയമമാക്കിയത്.
മറുപടി:
ഇസ്ലാമിൻ്റെ ആദ്യകാലഘട്ടത്തിൽ മാത്രം അനുവദനീയം ആയിരുന്നതും പിന്നീട് നിരോധിക്കപ്പെട്ടതുമായ ഒരു കാര്യമാണ് മുത്അ വിവാഹം. മുത്അ വിവാഹം എന്നത് ഒരു നിശ്ചിത കാലാവധി നിശ്ചയിച്ചുകൊണ്ട് നടത്തുന്ന താൽക്കാലിക വിവാഹമാണ്. ഉദാഹരണമായി, ഒരാൾ ഒരു വർഷത്തേക്ക് താൽക്കാലികമായി ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു, വിവാഹ മൂല്യവും നൽകേണ്ടതുണ്ട്, പക്ഷേ കാലാവധി കഴിഞ്ഞാൽ വിവാഹം റദ്ദാകും.
നബി ﷺ ആദ്യഘട്ടത്തിൽ ഇത്തരം വിവാഹം അനുവദിച്ചിരുന്നു എന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ടതാണ്. എന്നാൽ അത് പിന്നീട് ഹറാമാക്കി എന്നതും ഹദീസുകളിൽ സ്ഥിരപ്പെട്ടതും പണ്ഡിതന്മാരുടെ ഇജ്മാഉം (ഏകോപിച്ച അഭിപ്രായം) ഉള്ളതാണ്.
ഇവിടെ ആരോപിക്കപ്പെട്ടിട്ടുള്ളത് മുത്അ വിവാഹം സ്ഥാപിക്കാൻ വേണ്ടിയാണ് ഇമാം ബുഖാരി رحمه الله ഈ ഹദീസ് കൊണ്ടുവന്നിട്ടുള്ളത് എന്നാണ്.
സത്യത്തിൽ, ആദ്യഘട്ടത്തിൽ മുത്അ വിവാഹം ഹറാമല്ലായിരുന്നു. എന്നിട്ടും അത് തെളിയിക്കാനല്ല ഇമാം ബുഖാരി رحمه الله ഈ ഹദീസ് ഉദ്ധരിച്ചത്, ഈ ആയത്തിന്റെ വിശദീകരണം പറയുന്ന ഭാഗത്താണ് .
كتاب التفسير കിതാബു തഫ്സീറിൽ
باب قوله ﴿ { یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تُحَرِّمُوا۟ طَیِّبَـٰتِ مَاۤ أَحَلَّ ٱللَّهُ لَكُمۡ ﴾
എന്ന ശീർഷകത്തിന് താഴെയാണ് ഇമാം ബുഖാരി കൊണ്ടുവന്നത്.
മാത്രമല്ല, മുത്അ വിവാഹം അവസാനഘട്ടത്തിൽ ഹറാമാക്കപ്പെട്ടിട്ടുണ്ട് എന്നത് അദ്ദേഹം മറ്റൊരു ഭാഗത്ത് സ്ഥാപിക്കുന്നുമുണ്ട്. كتاب النكاح കിതാബു നികാഹിൽ
باب نهي رسول الله صلى الله عليه وسلم عن نكاح المتعة آخرا
എന്ന ശീർഷകത്തിന് കീഴിൽ ഹദീസുകൾ കൊണ്ട് തന്നെ അദ്ദേഹം സ്ഥാപിക്കുന്നുണ്ട്.
ഇവിടെ അങ്ങനെ ഒരു ഹദീസ് അദ്ദേഹം കൊണ്ടുവരാനുള്ള താല്പര്യം തന്നെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട് എന്നുള്ള ചരിത്രപരമായ വസ്തുത അറിയിക്കാൻ വേണ്ടിയാണ്.
ഉദാഹരണത്തിന്: ഘട്ടം ഘട്ടമായാണല്ലോ ഇസ്ലാമിൽ മദ്യം നിഷിദ്ധമാക്കിയത്. ആദ്യം അതിലുള്ള ഉപദ്രവം ഉപകാരത്തെക്കാൾ വലുതാണ് എന്ന് പറഞ്ഞു. പിന്നീട് നമസ്കാരത്തിലേക്ക് പോകുമ്പോൾ നിങ്ങൾ മദ്യപിക്കരുത് എന്ന് പറഞ്ഞു, പിന്നീട് അത് പൂർണമായി നിരോധിച്ചു.
എന്നിരിക്കെ “മദ്യം ആദ്യഘട്ടത്തിൽ ഹറാം ആയിരുന്നില്ല” എന്ന് പറയുന്നത് അതിനെ അനുവദനീയമാക്കുന്നതിന് വേണ്ടിയല്ലല്ലോ. ആ ഒരു വീക്ഷണ കോണിലൂടെ മാത്രം ഇവിടെയും സമീപിച്ചാൽ മതി.
മേൽപ്പറഞ്ഞ ഹദീസുകൾ മുത്അ വിവാഹം നബി ﷺ നിരോധിച്ചു എന്നതിനുള്ള തെളിവാണ്. ഇവ വിശദീകരിക്കുന്ന ഘട്ടത്തിൽ ഇമാം നവവി رحمه الله പറയുകയുണ്ടായി:
" സത്യത്തിൽ, മുത്അ വിവാഹം അനുവദനീയമാക്കലും വിരോധിക്കലും രണ്ടുപ്രാവശ്യം ഉണ്ടായിട്ടുണ്ട്. ഒന്ന് ഖൈബർ യുദ്ധത്തിന് മുമ്പ് അനുവദിക്കപ്പെട്ടിരുന്നു, പിന്നീട് ഖൈബറിൽ വെച്ച് ഹറാമാക്കി. രണ്ടാമത്: മക്കം ഫത്ഹിൽ വെച്ച് ഒരിക്കൽ കൂടി അനുവദിക്കപ്പെട്ടു. പിന്നീട് മൂന്നു ദിവസങ്ങൾക്ക് ശേഷം കാലാകാലത്തേക്ക്, അന്ത്യനാൾ വരെ അത് നിരോധിച്ചു. ആ നിരോധനം ഇന്നും നിലനിൽക്കുന്നു.
എന്നാൽ അബൂബക്കർ(റ) വിന്റെയും ഉമർ(റ) വിന്റെയും കാലത്ത് ചിലർ അത് പ്രവർത്തിച്ചത് മുത്അ വിവാഹം അവസാനഘട്ടത്തിൽ നിരോധിച്ചു എന്ന് അറിയാതെയാണ്.
കേവലം ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുന്നവർക്ക് ഇത് അംഗീകരിക്കാൻ പ്രയാസമുണ്ടാകും. നബി ﷺ വഹ്യ് മുഖേന അനുവദിച്ചു നൽകുകയും പിന്നീട് വഹ്യ് മുഖാന്തരം തന്നെ അത് നിരോധിക്കുകയുമാണ് ചെയ്തത്. അദ്ദേഹം തന്നിഷ്ടം പ്രവർത്തിക്കുന്ന ആളല്ലല്ലോ.... അല്ലാഹുവാണ് ഏതൊരു കാര്യം അനുവദിക്കുന്നതും വിരോധിക്കുന്നതും അതിന് ആരെയും അല്ലാഹു ചുമതലപ്പെടുത്തിയിട്ടില്ല. അല്ലാഹുവിൻറെ വിധിവിലക്കുകൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലതാനും.
ഇസ്ലാമിൽ നിന്ന് ബഹുദൂരം പിഴച്ച് പോയ ശിഈകളാണ് ഇന്ന് മുത്അ വിവാഹത്തിൻ്റെ പ്രചാരകർ.
അവലംബം:
- സ്വഹീഹുൽ ബുഖാരി
- ശറഹു മുസ്ലിം, ഇമാം നവവി
- തെറ്റിദ്ധരിപ്പിക്കപ്പെട്ട ഹദീസുകളും വസ്തുതകളും


أحسنتم
ReplyDeleteGood
ReplyDelete