സ്വഹീഹുൽ ബുഖാരിയിൽ നബിനിന്ദയോ !? (ശിയാ നേതാവിൻ്റെ വിമർശനങ്ങൾക്ക് മറുപടി) - അബ്ദുൽ മാലിക് സലഫി


വിശുദ്ധ ക്വുർആൻ കഴിഞ്ഞാൽ മുസ്ലിം ലോകം ഒന്നടങ്കം  സ്വീകരിക്കുന്ന ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി. ' അതിനാൽ തന്നെ ഇസ് ലാമിൻ്റെ ശത്രുക്കൾ സ്വഹീഹുൽ ബുഖാരിക്കെതിരെ പടച്ചുവിട്ട ആരോപണ അസ്ത്രങ്ങൾ അനവധിയാണ്. ഹദീസു ഗ്രന്ഥങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളതിനെ തകർത്താൽ ബാക്കി വരുന്ന ഹദീസുകളെ മൊത്തത്തിൽ സംശയത്തിലാക്കാമല്ലോ. ഇതാണ് ശത്രുവിൻ്റെ ലക്ഷ്യം.
ശീഇകളും ക്രിസ്ത്യൻ പുരോഹിതരും നാസ്തികരുമാണ് ഈ പണി സ്ഥിരം ചെയ്യാറുള്ളത്.ഇവർ പടച്ചു വിടുന്ന ചവറുകൾ ഇടംവലം നോക്കാതെ പ്രചരിപ്പിക്കുന്ന പണിയാണ് ഹദീസ് നിഷേധികൾക്കുള്ളത്.ഉപരി സൂചിത മൂന്ന് കക്ഷികളും വാസ്തവത്തിൽ ഇക്കാര്യത്തിൽ ഏകോ തരസഹോദരങ്ങളാണ്!

കേരളത്തിൽ ശീഇസം വളർത്താൻ  ഏൽപിക്കപ്പെട്ട ഒരു മൗലവി (മുൻ ജമാഅത്തുകാരൻ ) കുറച്ച് നാളായി നിരന്തരം ഹദീസുകൾക്കെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. സർവ്വ മത സത്യവാദം പ്രചരിപ്പിക്കുന്ന ഒരു കൃതിയും ടിയാൻ്റെതായി ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.
സ്വഹാബിമാരെ കാട്ടു കള്ളന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന ഇയാളുടെ പ്രസംഗം കുറച്ച് മുമ്പ് പുറത്ത് വന്നിരുന്നു. എതാനും ദിവസങ്ങൾക്ക് മുമ്പ് ഇറാനിലെ ഒരു ശിയാ നേതാവ് കേരളത്തിൽ വന്നപ്പോൾ അയാളെ നാട് ചുറ്റിച്ചതും പാണക്കാട് വരെ കൊണ്ട് പോയതും ഇയാളാണ്. 

ബുഖാരിയിൽ നബിനിന്ദ ഉൾക്കൊള്ളുന്ന ഹദീസ് ഉണ്ട് എന്നതാണ് കക്ഷിയുടെ പുതിയ കണ്ടെത്തൽ!വാസ്തവത്തിൽ ഇതൊന്നും പുതിയതല്ല.
ശീഇകൾ അറബിയിൽ പറയുന്നത് ഇയാൾ മലയാളത്തിലാക്കുന്നു അത്ര മാത്രം!

എന്താണ് സംഭവം?
നബി(സ)യുടെ അടുക്കൽ വന്ന് സ്ത്രീകൾ അവരുടെ ശരീരം സമർപ്പിച്ചിരുന്നു. നബി അവരേയും കൊണ്ട് പോയിരുന്നു. അതിൽ ആയിശ(റ) കടുത്ത വെറുപ്പ് ഉണ്ടായിരുന്നു.ഇത് നബി(സ)യെ നിന്ദിക്കലല്ലോ.
( ആയിശ(റ)യുടെ പേര് പല തവണ ഇയാൾ പറഞ്ഞിട്ടും ഒരിക്കൽ പോലും "റളി യല്ലാഹു അൻഹാ " എന്നയാൾ പറയുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക)

ഈ വിമർശനം സത്യത്തിൽ ബുഖാരിക്ക് എതിരെയല്ല; വിശുദ്ധ ഖുർആനിന് എതിരെ തന്നെയാണ് ഇയാൾ തൊടുത്ത് വിടുന്നത്. ശീഇകൾക്ക് ഈ ഖുർആൻ പൂർണമായി സ്വീകാര്യമല്ല എന്നത് അറിയപ്പെട്ട കാര്യമാണല്ലോ. ഖുർആനിലെ ചില ആയത്തുകൾ നീക്കം ചെയ്യണം എന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ ഏതാനും ദിവസം മുമ്പ് ഒരു ശിയ കേസ് കൊടുത്തത് ഇതിനോട് ചേർത്തു വായിക്കുക.

വിവാഹ വിഷയത്തിൽ നബി(സ)ക്ക് പല കാര്യങ്ങളിലും അല്ലാഹു ഇളവ് നൽകിയിട്ടുണ്ട് എന്നത് ശരീഅത്ത് പഠിച്ച ആർക്കും അറിയാവുന്ന കാര്യമാണ്.നാലിലധികമുള്ള വിവാഹങ്ങൾ, മഹ്ർ, വലിയ്യ്, സാക്ഷി എന്നിവ ഇല്ലാത്ത വിവാഹങ്ങൾ എന്നിവ അതിൽ പെട്ടതാണ്.

ഒരു സ്ത്രീ വന്ന് നബിയേ നിങ്ങൾ എന്നെ വിവാഹം കഴിക്കണം എന്നു പറഞ്ഞാൽ പ്രവാചകൻ (സ)ക്ക് വേണമെങ്കിൽ അവരെ വലിയ്യോ, മഹ്റോ ഇല്ലാതെ തന്നെ വിവാഹം കഴിക്കാം.ഇത് അല്ലാഹു നബി(സ) മാത്രം നൽകിയ ഇളവാണ്. താഴെ കൊടുക്കുന്ന ആയത്ത് ശ്രദ്ധിച്ചാൽ അത് വ്യക്തമാവും.

(یَـٰۤأَیُّهَا ٱلنَّبِیُّ إِنَّاۤ أَحۡلَلۡنَا لَكَ أَزۡوَ ٰ⁠جَكَ ٱلَّـٰتِیۤ ءَاتَیۡتَ أُجُورَهُنَّ وَمَا مَلَكَتۡ یَمِینُكَ مِمَّاۤ أَفَاۤءَ ٱللَّهُ عَلَیۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّـٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَـٰلَـٰتِكَ ٱلَّـٰتِی هَاجَرۡنَ مَعَكَ وَٱمۡرَأَةࣰ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِیِّ إِنۡ أَرَادَ ٱلنَّبِیُّ أَن یَسۡتَنكِحَهَا خَالِصَةࣰ لَّكَ مِن دُونِ ٱلۡمُؤۡمِنِینَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَیۡهِمۡ فِیۤ أَزۡوَ ٰ⁠جِهِمۡ وَمَا مَلَكَتۡ أَیۡمَـٰنُهُمۡ لِكَیۡلَا یَكُونَ عَلَیۡكَ حَرَجࣱۗ وَكَانَ ٱللَّهُ غَفُورࣰا رَّحِیمࣰا)
[ അഹ്സാബ്: 50]

"നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."

ഇതിൽ

"സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു"
എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക.

അല്ലാഹുവിൻ്റെ ഈ നിയമത്തെയാണ്
ഈ ശിയാ മൗലവി പരിഹസിക്കുന്നത്!

ഒരു വിശ്വാസിനിയായ സ്ത്രീയുടെ ഏറ്റവും വലിയ സൗഭാഗ്യമാണ് നബി(സ)യുടെ ഭാര്യ യാവുക എന്നത്.  ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന പദവിയാണത്.കാരണം നബി (സ) യുടെ ഭാര്യയാകുന്നതോടുകൂടി അവർ വിശ്വാസികളുടെ മാതാവായി, നബി(സ)യുടെ കൂടെ സ്വർഗത്തിലെ ഇണയുമായി! ആർക്കാണിതിന് കൊതിയുണ്ടാകാതിരിക്കുക?
ഈ സ്ഥാനം കൊതിച്ച് പല സ്ത്രീകളും പ്രവാചക സന്നിധിയിൽ വന്നിരുന്നു.അങ്ങനെ വരുന്നവരോട് നിലവിലെ ഭാര്യ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ചിലഅനിഷ്ടങ്ങൾ ആയിശ(റ) ക്ക് ഉണ്ടായിരുന്നു.അത് തീർത്തും സ്വാഭാവികം മാത്രം! 

എന്നാൽ, വിമർശകർ പറയാത്ത ഒരു സത്യം ഇവിടെ നാം ഗ്രഹിക്കേണ്ടിയിരിക്കുന്നു. അങ്ങനെ സ്വയം ഭാര്യയാവാൻ തയാറായി വന്ന ആരെയും നബി(സ) സ്വീകരിച്ചിട്ടില്ല !!
നിരവധി പേർ വന്നു, പക്ഷേ ഒരാളെ പോലും നബി(സ) ഭാര്യയാക്കിയില്ല. ഖൗല (റ) അത്തരത്തിൽ വന്ന ഒരു സ്ത്രീയായിരുന്നു.
ഒരു സംഭവം നോക്കൂ!

عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ؛ أَنَّ رَسُولَ اللَّهِ ﷺ جَاءَتْهُ امْرَأَةٌ فَقَالَتْ: يَا رَسُولَ اللَّهِ، إِنِّي قَدْ وَهَبت نَفْسِي لَكَ. فَقَامَتْ قِيَامًا طَوِيلًا فَقَامَ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ، زَوّجنيها إِنْ لَمْ يَكُنْ لَكَ بِهَا حَاجَةٌ. فَقَالَ رَسُولُ اللَّهِ ﷺ: "هَلْ عِنْدَكَ مِنْ شَيْءٍ تُصدقها إِيَّاهُ"؟ فَقَالَ: مَا عِنْدِي إِلَّا إِزَارِي هَذَا. فَقَالَ رَسُولُ اللَّهِ ﷺ: "إِنْ أَعْطَيْتَهَا إِزَارَكَ جلستَ لَا إِزَارَ لَكَ، فَالْتَمِسْ شَيْئًا". فَقَالَ: لَا أَجِدُ شَيْئًا. فَقَالَ: "الْتَمِسْ وَلَوْ خَاتَمًا مِنْ حَدِيدٍ" فَالْتَمَسَ فَلَمْ يَجِدْ شَيْئًا، فَقَالَ لَهُ النَّبِيُّ ﷺ: "هَلْ مَعَكَ مِنَ الْقُرْآنِ شَيْءٌ؟ " قَالَ: نَعَمْ؛ سُورَةُ كَذَا، وَسُورَةُ كَذَا -لِسُوَرٍ يُسَمِّيهَا -فَقَالَ لَهُ رَسُولُ اللَّهِ ﷺ: "زَوَّجْتُكَهَا بِمَا مَعَكَ مِنَ الْقُرْآنِ".
(ബുഖാരി)

നബി (സ) യുടെ അടുക്കൽ ഒരു സ്ത്രീ വന്നു പറഞ്ഞു: ഞാൻ എന്നെ താങ്കൾക്ക് സമർപ്പിച്ചിരിക്കുന്നു!
അവർ ദീർഘനേരം അവിടെ നിന്നു. അപ്പോൾ ഒരാൾ എണീറ്റ് നിന്ന് പറഞ്ഞു: നിങ്ങൾക്ക് അവരെ ആവശ്യമില്ലെങ്കിൽ നിങ്ങളവരെ എനിക്ക് വിവാഹം ചെയ്ത് തരുമോ?
" അവർക്ക് മഹ്റ് കൊടുക്കാൻ നിൻ്റെ കൈവശം വല്ലതും ഉണ്ടോ?"
"ഈ വസ്ത്രം മാത്രമേ എൻ്റെ പക്കലുള്ളൂ"
"നീ ഒന്ന് കൂടി അന്വേഷിക്ക്. ഈ വസ്ത്രം കൊടുത്താൽ പിന്നെ നീ വന്നൂ മില്ലാതെ ഇരിക്കണ്ടേ?"
"എനിക്ക് ഒന്നുമില്ല"
"ഒരു ഇരുമ്പിൻ്റെ മോതിരമെങ്കിലും കിട്ടുമോ എന്ന് നോക്ക് "
ഒന്നും കിട്ടിയില്ല.
" ഖുർആനിൽ നിന്ന് വല്ലതും മന:പാഠമുണ്ടോ?"
"അതെ "
" നിൻ്റെ പക്കലുള്ള ഖുർആനിന് ഞാൻ താങ്കൾ കവരെ വിവാഹം ചെയ്ത് തന്നു."

നോക്കുക, നബി(സ) ഇത്തരം സ്ത്രീകൾ വന്നപോൾ ഇപ്രകാരമാണ് ചെയ്തത്!
നിരവധി പേർ വന്നു. നബി(സ) ആരെയും സ്വീകരിച്ചില്ല. നബി(സ)ക്ക് വേണമെങ്കിൽ സ്വീകരിക്കാമായിരുന്നിട്ടും നബി(സ) അത് ചെയ്തില്ല.
അതാണ് ഇബ്നു അബ്ബാസ്(റ) പറഞ്ഞത്:
عَنِ ابْنِ عَبَّاسٍ قَالَ: لَمْ يَكُنْ عِنْدَ رَسُولِ اللَّهِ ﷺ امْرَأَةً وَهَبَتْ نَفْسَهَا لَهُ
സ്വശരീരം സമർപ്പിച്ച ഒരാളും നബി(സ)യുടെ അടുക്കൽ ഇല്ല.

ചുരുക്കത്തിൽ ഖുർആനിൽ പറഞ്ഞ കാര്യമേ ഹദീസിലും ഉള്ളൂ.

 ഇതിലെവിടെയാണ് ഖുർആൻ വിരുദ്ധത?'

ഇതിലെവിടെയാണ് നമ്പി നിന്ദ ?

സത്യത്തിൽ നബി തിരുമേനിയുടെ (സ) മഹത്വമാണ് ഇതിലുള്ളത്. അല്ലാഹു അനുവദിച്ച കാര്യമായിട്ടു പോലും നബി(സ) ചെയ്തില്ല.

ഈ കാര്യം,സൽമാൻ റുഷ്ദി ചെയ്ത തോന്ന്യാസത്തെ ന്യായീകരിക്കാൻ കൊണ്ടുവരുന്നവരുടെ മനസ്സിലിരിപ്പ് നാം തിരിച്ചറിയണം.

ഇത്തരക്കാർ ഉന്നയിക്കുന്ന മുഴുവൻ വിമർശനങ്ങളുടെയും കഥ ഇതു തന്നെയാണ്. ഒന്നുകിൽ തലയും വാലും വെട്ടിമുറിച്ചത്. അല്ലെങ്കിൽ സ്വന്തം വക പ്രമാണത്തിലേക്ക് തിരുകി കയറ്റി ദുർവ്യാഖ്യാനിച്ചത്.
ഈ ഹദീസ് പറഞ്ഞപ്പോൾ നബി(സ)യുടെ അടുക്കൽ വന്നവരെയെല്ലാം നബി (സ) കൊണ്ടു പോയി എന്ന് പറഞ്ഞത് ഇതിന് ഉദാഹരണമാണ്.

NB : കേരളത്തിൽ ശീഇസത്തിന് പരിസരമൊരുക്കുന്നതിനു വേണ്ടി ഈ മൗലവിയെ പോലുള്ള ചിലർ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി പിന്നീട് പറയാം.
ഇൻശാ അല്ലാഹ്!

അബ്ദുൽ മാലിക് സലഫി .
14/3/2021

Comments