അന്യ സ്ത്രീയായ ഉമ്മു ഹറാമിൻ്റെ മടിയിൽ നബി(സ) തല വെച്ചുറങ്ങിയെന്നോ !? | വസ്തുതയെന്ത് ? - അജ്മൽ ഫൗസാൻ
വിമർശനം:
ഇമാം ബുഖാരി പ്രവാചകനെ വ്യഭിചാരിയായി ചിത്രീകരിക്കുന്നു.
മിൽഹാന്റെ പുത്രിയും ഉബാദത്ത് ബിൻ സ്സ്വാമിത്തിന്റെ ഭാര്യയുമായ ഉമ്മുഹറാം എന്ന സ്ത്രീയുടെ അടുക്കൽ നബി പതിവായി പോകാറുണ്ടായിരുന്നു. നബി അവിടെ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. അവൾ നബിയുടെ തലയിൽ പേൻ നോക്കി കൊടുക്കുകയും നബി ഉമ്മു ഹറാമിന്റെ മടിയിൽ കിടന്ന് ഉറങ്ങുകയും ചെയ്യാറുണ്ടായിരുന്നു. ഉമ്മു ഹറാം നബിക്ക് അന്യസ്ത്രീയാണല്ലോ
ഇതേ പോലെ തന്നെ പ്രവാചകൻ സ്ഥിരമായി സന്ദർശിക്കാറുള്ള മറ്റൊരു സ്ത്രീയാണ് ഉമ്മുസുലൈം എന്നാണ് ഇമാം മുസ്ലിം പറയുന്നത്.
മറുപടി :
ഒരുപാട് തെറ്റിദ്ധരിപ്പിക്കലുകളുടെയും ഊഹാപോഹങ്ങളുടെയും ശേഖരം മാത്രമാണീ ആരോപണം. ഹദീഥിന്റെ മൂലരൂപം നോക്കാം
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ، أَنَّهُ سَمِعَهُ يَقُولُ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدْخُلُ عَلَى أُمِّ حَرَامٍ بِنْتِ مِلْحَانَ فَتُطْعِمُهُ، وَكَانَتْ أُمُّ حَرَامٍ تَحْتَ عُبَادَةَ بْنِ الصَّامِتِ، فَدَخَلَ عَلَيْهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَطْعَمَتْهُ وَجَعَلَتْ تَفْلِي رَأْسَهُ، فَنَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ اسْتَيْقَظَ وَهُوَ يَضْحَكُ، قَالَتْ : فَقُلْتُ : وَمَا يُضْحِكُكَ يَا رَسُولَ اللَّهِ ؟ قَالَ : " نَاسٌ مِنْ أُمَّتِي عُرِضُوا عَلَيَّ غُزَاةً فِي سَبِيلِ اللَّهِ، يَرْكَبُونَ ثَبَجَ هَذَا الْبَحْرِ مُلُوكًا عَلَى الْأَسِرَّةِ ". أَوْ " مِثْلَ الْمُلُوكِ عَلَى الْأَسِرَّةِ ". شَكَّ إِسْحَاقُ. قَالَتْ : فَقُلْتُ : يَا رَسُولَ اللَّهِ، ادْعُ اللَّهَ أَنْ يَجْعَلَنِي مِنْهُمْ. فَدَعَا لَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ثُمَّ وَضَعَ رَأْسَهُ، ثُمَّ اسْتَيْقَظَ وَهُوَ يَضْحَكُ، فَقُلْتُ : وَمَا يُضْحِكُكَ يَا رَسُولَ اللَّهِ ؟ قَالَ : " نَاسٌ مِنْ أُمَّتِي عُرِضُوا عَلَيَّ غُزَاةً فِي سَبِيلِ اللَّهِ ". كَمَا قَالَ فِي الْأَوَّلِ، قَالَتْ : فَقُلْتُ : يَا رَسُولَ اللَّهِ، ادْعُ اللَّهَ أَنْ يَجْعَلَنِي مِنْهُمْ. قَالَ : " أَنْتِ مِنَ الْأَوَّلِينَ ". فَرَكِبَتِ الْبَحْرَ فِي زَمَانِ مُعَاوِيَةَ بْنِ أَبِي سُفْيَانَ، فَصُرِعَتْ عَنْ دَابَّتِهَا حِينَ خَرَجَتْ مِنَ الْبَحْرِ فَهَلَكَتْ.
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം : റസൂലുള്ളാഹി (സ്വ) ഉമ്മു ഹറാമിന്റെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. അവർ അദ്ദേഹത്തിന് ഭക്ഷണം നൽകുകയും ചെയ്യാറുണ്ടായിരുന്നു . ഉബാദത്ത് ബിൻ സ്വാമിത്തിൻ്റെ ഭാര്യയായിരുന്നു അവർ. ഒരിക്കൽ റസൂലുള്ളാഹി (സ്വ) അവരുടെ അടുത്തേക്ക് പ്രവേശിച്ചു. അവർ നബിക്ക് ഭക്ഷണം നൽകി. നബിയുടെ തലയിൽ പേൻ നോക്കാൻ ആരംഭിക്കുകയും ചെയ്തു. പിന്നെ നബി ഉറങ്ങുകയുണ്ടായി. കുറച്ച് കഴിഞ്ഞ് ചിരിച്ചുകൊണ്ട് നബി (സ്വ) ഉണർന്നു. അല്ലാഹുവിൻറെ റസൂലേ എന്താണ് താങ്കൾ ചിരിക്കാനുള്ള കാരണം എന്ന് അവർ ചോദിച്ചു. പ്രവാചകൻ പറഞ്ഞു : എൻറെ സമൂഹത്തിൽ നിന്നുള്ള ഒരു കൂട്ടം ആളുകളെ അല്ലാഹുവിൻറെ മാർഗത്തിൽ യോദ്ധാക്കളായ നിലയിൽ എനിക്ക് കാണിക്കപ്പെട്ടു. സിംഹാസനങ്ങളിൽ ഉപവിഷ്ടരായ രാജാക്കന്മാരായി അവർ കടലിലൂടെ യാത്ര നടത്തും. (അല്ലെങ്കിൽ സിംഹാസനത്തിൽ ഉപവിഷ്ടരായ രാജാക്കന്മാരെ പോലെ - ഹദീസ് നിവേദനം ചെയ്യുന്ന ഇസ്ഹാഖ് എന്ന നിവേദകന് പറ്റിയ സംശയമാണിത്). അവർ പറഞ്ഞു അല്ലാഹുവിൻറെ റസൂലേ എന്നെയും ആ കൂട്ടത്തിൽ ഉൾപ്പെടുത്താൻ താങ്കൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും. അങ്ങനെ നബി (സ്വ) അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയുണ്ടായി. വീണ്ടും നബി(സ്വ) ഉറങ്ങി. കുറച്ചുകഴിഞ്ഞ് വീണ്ടും ചിരിച്ചുകൊണ്ട് നബി (സ്വ) ഉണർന്നു. അവർ ചോദിച്ചു :
അല്ലാഹുവിൻറെ റസൂലേ എന്താണ് താങ്കൾ ചിരിക്കാനുള്ള കാരണം . പ്രവാചകൻ പറഞ്ഞു : എൻറെ സമൂഹത്തിൽ നിന്നുള്ള ഒരു കൂട്ടം ആളുകളെ അല്ലാഹുവിൻറെ മാർഗത്തിൽ യോദ്ധാക്കളായ നിലയിൽ എനിക്ക് കാണിക്കപ്പെട്ടു. (ആദ്യം പറഞ്ഞതുപോലെ)
അവർ പറഞ്ഞു അല്ലാഹുവിൻറെ റസൂലേ എന്നെയും ആ കൂട്ടത്തിൽ ഉൾപ്പെടുത്താൻ താങ്കൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും. നബി (സ്വ) പറഞ്ഞു: നിങ്ങൾ ആദ്യം പറഞ്ഞവരിൽ പെട്ടവരാണ്.
അങ്ങനെ മുആവിയ ബിൻ അബി സുഫിയാൻ (റ) ന്റെ കാലത്ത് അവർ കപ്പൽ യാത്ര നടത്തുകയുണ്ടായി. യാത്ര കഴിഞ്ഞ് കപ്പലിൽ നിന്ന് പുറത്തിറങ്ങി ഒരു വാഹനപ്പുറത്ത് യാത്ര ചെയ്യവേ അവർ അതിൽ നിന്ന് വീണ് മരണപ്പെടുകയാണ് ഉണ്ടായത്.
യഥാർത്ഥത്തിൽ ഇത് ഉമ്മു ഹറാം മാത്രമുള്ള വീട്ടിലേക്ക് പ്രവാചകൻ ഒറ്റയ്ക്ക് കയറി ചെന്നതല്ല . ഉമ്മ ഹറാമും ഉമ്മു സുലൈമും സഹോദരിമാരാണ്. ഉമ്മു സുലൈമിന്റെ മകനാണ് അനസ് ബ്നു മാലിക് . അദ്ദേഹമാണ് ഈ ഹദീസ് ഉദ്ധരിക്കുന്നത്.
ചുരുക്കത്തിൽ ഉമ്മു ഹറാമും ഉമ്മുസുലൈമും തൻറെ സന്തതസഹചാരിയും പരിചാരകനുമായ അനസ് ബിൻ മാലിക്കും ഉള്ള വീട്ടിലേക്കാണ് നബി (സ) കയറി ചെല്ലുന്നത്. നബി പലപ്പോഴും ഈ വീട് സന്ദർശിക്കുകയും അവിടെ നിസ്കരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ബുഖാരിയിലെ അനസ് ഇബ്നു മാലിക്ക് തന്നെ നിവേദനം ചെയ്യുന്ന ഹദീസ് കാണുക
عن أنس بن مالك، قال: «صليت أنا ويتيم، في بيتنا خلف النبي صلى الله عليه وسلم، وأمي أم سليم خلفنا»
صحيح البخاري 727
അദ്ദേഹം പറഞ്ഞു: ഞാനും ഞങ്ങളുടെ കൂടെ ജീവിച്ചിരുന്ന ഒരു അനാഥയും കൂടി നബി (സ) യുടെ പിന്നിൽ നിന്ന് ഞങ്ങളുടെ വീട്ടിൽ വച്ച് നിസ്കരിച്ചിട്ടുണ്ട് . എൻറെ ഉമ്മ ഉമ്മുസുലൈം ഞങ്ങളുടെ പിറകിൽ നിന്നും നിസ്കരിച്ചു.
ഇമാം അബൂദാവൂദും ഇമാം അഹ്മദും ഉദ്ധരിക്കുന്ന വേറൊരു ഹദീസും നോക്കാം
عن أنس بن مالك: " أن رسول الله صلى الله عليه وسلم صلى في بيت أم حرام، وأم سليم وأم حرام خلفنا "، ولا أعلمه إلا قال: أقامني عن يمينه
അനസ് ഇബ്നു മാലിക് തന്നെ ഉദ്ധരിക്കുന്നു റസൂലുല്ലാഹി ഉമ്മ ഹറാമിന്റെ വീട്ടിൽ വെച്ച് നിസ്കരിച്ചു.ഉമ്മു സുലൈമും ഉമ്മു ഹറാമും ഞങ്ങളുടെ പിറകിൽ നിന്നായിരുന്നു നിസ്കരിച്ചത്.
അഹ്മദ് 13509
അപ്പോൾ നബി (സ്വ) ഇടയ്ക്കിടെ ഈ വീട് സന്ദർശിക്കാറുണ്ടായിരുന്നു എന്ന് മനസ്സിലായി. അപ്പോഴൊന്നും അവിടെ ഉമ്മു ഹറാമും ഉമ്മു സുലൈമും തനിച്ചായിരുന്നു എന്ന് സ്ഥിരപ്പെട്ടിട്ടില്ല. തൻറെ പരിചാരകനായ അനസ് ഉള്ളപ്പോഴോ അല്ലെങ്കിൽ മറ്റാരെങ്കിലും ഉള്ളപ്പോഴോ ആയിരുന്നു ഈ സന്ദർശനങ്ങളെല്ലാം നടന്നത്.
ഉമ്മു ഹറാമോ ഉമ്മുസുലൈമോ ഒറ്റയ്ക്കായിരിക്കുമ്പോഴാണ് നബി (സ) കയറിച്ചെന്നത് എന്ന കാര്യം വിമർശകർക്ക് എവിടെ നിന്നാണ് ലഭിച്ചത് ?
അവിടെ ഒരു പക്ഷേ അവരുടെ ഭർത്താവ് ഉണ്ടായിരിക്കാം ആ അനാഥ കുട്ടി ഉണ്ടായിരിക്കാം അനസ് ഇബ്നു മാലിക് എന്തായാലും അവിടെയുണ്ട്. അപ്പോൾ ഒറ്റയ്ക്ക് നബി ആ വീട് സന്ദർശിച്ചിട്ടില്ല എന്നതാണ് വാസ്തവം.
ഇനി ഒറ്റയ്ക്ക് തന്നെയായിരുന്നു എന്ന് സങ്കൽപ്പിക്കുക. എന്നാൽ തന്നെയും പ്രവാചകൻ (സ) തൻറെ ബന്ധുക്കളായ രണ്ട് വൃദ്ധ സ്ത്രീകളെ സന്ദർശിച്ചതിൽ എന്താണ് കുഴപ്പം .
ഉമ്മു ഹറാം (റ) പ്രവാചകന്റെ ഉമ്മയുടെ മുലകുടി ബന്ധത്തിലെ സഹോദരിയായിരുന്നു എന്നതാണ് വസ്തുത. ഇബ്നുൽ ജൗസി (റഹി) പറയുന്നത് നോക്കൂ .
قال ابن الجوزي : سمعت بعض الحفاظ يقول : كانت أم سليم أخت آمنة بنت وهب من الرضاعة( فتح الباري ١١/٧٨)
ഉമ്മു സുലൈം ആമിന ബിൻ ത് വഹബിന്റെ (നബി (സ്വ) യുടെ ഉമ്മ) മുലകുടി ബന്ധത്തിലെ സഹോദരി ആയിരുന്നു എന്ന്
ഹദീഥ് രംഗത്തെ ഹാഫിളുകളായ ഉന്നത പണ്ഡിതന്മാരിൽ ചിലരിൽ നിന്ന് ഞാൻ കേട്ടിട്ടുണ്ട്.
ഹാഫിളുകളായ ഉന്നത പണ്ഡിതന്മാരിൽ നിന്നാണ് താൻ അത് കേട്ടു മനസ്സിലാക്കിയത് എന്നാണ് അദ്ദേഹം പറയുന്നത്. അതിനാൽ തന്നെ ഇത് ഇബ്നുൽ ജൗസി (റഹി)യുടെ മാത്രം അഭിപ്രായമല്ല എന്ന് മനസ്സിലാക്കാം. ഹദീഥ് രംഗത്തെ പല പ്രമുഖരുടെയും പിന്തുണയുള്ള ഒരു അഭിപ്രായം തന്നെയാണിത്.
എന്തു തന്നെയായാലും നബി (സ) യുടെ മഹ്റമുകളിൽ (വിവാഹ ബന്ധം നിഷിദ്ധമായവരിൽ ) പെട്ടവരായിരുന്നു ഈ രണ്ട് സ്വഹാബി മഹതികളും എന്നത് തർക്കമറ്റ കാര്യം തന്നെയാണ്.
ഇമാം നവവി (റഹി) പറയുന്നത് ഉമ്മു ഹറാം പ്രവാചകൻറെ മഹ്റമാണ് എന്നതിൽ പണ്ഡിത ലോകത്ത് ഏകാഭിപ്രായം ഉണ്ട് എന്നാണ്.
قال النووي رحمه الله :
قال رحمه الله : ( اتفق العلماء على أن أم حرام كانت محرما له صلى الله عليه وسلم. واختلفوا في كيفية ذلك، فقال ابن عبد البر وغيره : كانت إحدى خالاته من الرضاعة. وقال آخرون : بل كانت خالة لأبيه أو لجده لأن عبد المطلب كانت أمه من بنى النجار ) اهـ .
ഇമാം നവവി പറയുന്നു:
ഉമ്മു ഹറാം പ്രവാചകൻറെ മഹ്റമാണ് എന്നത് പണ്ഡിത ലോകത്തെ ഏകാഭിപ്രായമാണ്. ആ ബന്ധത്തിന്റെ രൂപം എങ്ങനെയായിരുന്നു എന്ന വിഷയത്തിലാണ് പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായമുള്ളത്. ഇബ്നു അബ്ദിൽ ബർറ് (റഹി) യും മറ്റു ചില പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് പ്രവാചകന്റെ ഉമ്മയുടെ മുലകുടി ബന്ധത്തിലെ സഹോദരിയായിരുന്നു എന്നാണ്. വേറെ ചില പണ്ഡിതർ അഭിപ്രായപ്പെടുന്നത് ഉമ്മുഹറാം (റ) പ്രവാചകന്റെ പിതാവിന്റെയോ അല്ലെങ്കിൽ പിതാമഹന്റെയോ മാതൃസഹോദരിയായിരുന്നു എന്നാണ്. കാരണം പ്രവാചകന്റെ പിതാമഹൻ അബ്ദുൽ മുത്തലിബിന്റെ ഉമ്മ മദീനയിലെ ബനു ന്നജ്ജാർ ഗോത്രക്കാരിയായിരുന്നല്ലോ .
وقال أيضاً :
أُمّ حَرَام أُخْت أُمّ سُلَيْمٍ ، وقد كَانَتَا خَالَتَيْنِ لِرَسُولِ اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَحْرَمَيْنِ إِمَّا مِنْ الرَّضَاع , وَإِمَّا مِنْ النَّسَب, فَتَحِلُّ لَهُ الْخَلْوَة بِهِمَا , وَكَانَ يَدْخُلُ عَلَيْهِمَا خَاصَّةً , لا يَدْخُلُ عَلَى غَيْرهمَا مِنْ النِّسَاء إِلا أَزْوَاجه اهـ
ഇമാം നവവി മറ്റൊരിടത്ത് വിശദീകരിക്കുന്നു.
ഉമ്മ ഹറാം ഉമ്മു സുലൈമിന്റെ സഹോദരിയാണ് അവർ ഇരുവരും പ്രവാചകന്റെ മഹറമുകളായ മാതൃ സഹോദരിമാരായിരുന്നു ഒന്നുകിൽ കുടുംബബന്ധം കൊണ്ട് അല്ലെങ്കിൽ മുലകുടി ബന്ധം കൊണ്ട അതിനാൽ തന്നെ അവരുമായി തനിച്ചാവുന്നത് പ്രവാചകന് അനുവദനീയമാണല്ലോ
പ്രവാചകന് ഇവരിരുവരെയും പ്രത്യേകം സന്ദർശിക്കാറുണ്ടായിരുന്നു. ഇവരിരുവരെയും അല്ലാതെ മറ്റൊരു സ്ത്രീയെയും ഭർത്താക്കന്മാരുടെ അഭാവത്തിൽ പ്രവാചകൻ സന്ദർശിക്കാറുണ്ടായിരുന്നില്ല.
പ്രവാചകന്റെ ഉമ്മയുടെ മുലകുടി ബന്ധത്തിലെ സഹോദരിയാണ് ഉമ്മു ഹറാം എന്നത് പരിഗണിച്ചാൽ അവരുടെ പ്രായം എത്രയായിരിക്കും എന്ന് നോക്കൂ. നബി മദീനയിലേക്ക് ഹിജ്റ പോകുന്നത് 53 ആം വയസ്സിലാണ്. മദീനയിൽ വെച്ചാണല്ലോ ഈ സംഭവം നടക്കുന്നത്. പ്രവാചകന്റെ ഉമ്മ ആമിന പ്രവാചകനെ പ്രസവിച്ചത് 18 വയസ്സിലാണ് എന്ന് സങ്കൽപ്പിച്ചാൽ തന്നെയും ഉമ്മു ഹറാമിന് ഈ സമയത്ത് ഏറ്റവും ചുരുങ്ങിയത് 70 വയസ്സ് പ്രായമെങ്കിലും ഉണ്ടായിരിക്കണം.
ഇതിന്റെ അടിസ്ഥാനത്തിൽ വിമർശകരുടെ ആരോപണം എത്ര ബാലിശമാണ് എന്ന് ചിന്തിക്കുക. സ്വന്തം മാതൃ സഹോദരിമാരെ സന്ദർശിക്കാൻ പോയതിനാണ് അവർ പ്രവാചകനെ ആക്ഷേപിക്കുന്നത്. പ്രവാചകനാണെന്ന യാതൊരു തലക്കനവും ഇല്ലാതെ തൻറെ പരിചാരകന്റെ വീട്ടിലേക്ക് സ്വന്തം മാതൃ സഹോദരിമാർ കൂടിയായ വൃദ്ധരെ സന്ദർശിക്കാൻ പോകുന്ന ഒരാളെ എങ്ങനെയാണ് ഇവർ ആക്ഷേപിക്കുന്നത് ?
ഇത് ഉദ്ധരിച്ച ഇമാം ബുഖാരി (റഹി) എങ്ങനെയാണ് നബി (സ്വ) യെ ആക്ഷേപിച്ച ആളായിത്തീരുന്നത് ?
നബി (സ) യ്ക്ക് ഈ വീട്ടുകാരുമായി ഒരു പ്രത്യേക വൈകാരിക ബന്ധം കൂടി ഉണ്ടായിരുന്നു. ഉമ്മു ഹറാമിന്റെ സഹോദരൻ ഹറാം ബ്നു മിൽഹാൻ ‘ബിഅർ മഊന’ യുദ്ധത്തിൽ കൊല്ലപ്പെട്ട വ്യക്തി കൂടിയായിരുന്നു.
വെറുതെ കയറിച്ചെല്ലുക എന്നതല്ല ആശ്വസിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി പ്രവാചക സന്ദർശനത്തിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് ചുരുക്കം.
വാസ്തവത്തിൽ ഈ ഒരു ഹദീസ് പ്രവാചകന്റെ പ്രവാചകത്വത്തിന് തെളിവ് കൂടിയാണ്. മദീനയിൽ താമസിക്കുന്ന ഒരു സാധാരണ വൃദ്ധസ്ത്രീയെ സംബന്ധിച്ചിടത്തോളം വർഷങ്ങൾക്ക് ശേഷം ഒരു കപ്പൽ യാത്ര നടത്താൻ കഴിയും എന്നത് ഒരിക്കലും പ്രതീക്ഷിക്കാവുന്ന ഒരു കാര്യമല്ലല്ലോ. അപ്പോഴാണ് ഇസ്ലാമിക സാമ്രാജ്യം നാവികസേനയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാലത്ത് പ്രവാചകന് അവരോട് നിങ്ങൾ ഭാവിയിൽ ഇസ്ലാമിക നാവികസേനയോടൊപ്പം കപ്പൽ യാത്ര ചെയ്യും എന്നു പറയുന്നത് . ആ പ്രവചനം പിന്നീട് യാഥാർഥ്യമാവുകയും ചെയ്തു. ഉമ്മു ഹറാം മൂന്നാം ഖലീഫ ഉഥ്മാൻ (റ) ന്റെ ഭരണകാലത്ത് ഇസ്ലാമിക നാവികസേനയോടൊപ്പം കപ്പൽ യാത്ര നടത്തി എന്ന് ചരിത്രം ഉറപ്പിക്കുന്നു. ഈ ഹദീഥ് അംഗീകരിക്കുന്ന വിമർശകർ പ്രവാചകന്റെ പ്രവാചകത്വം കൂടി അംഗീകരിക്കേണ്ടി വരുന്ന ദയനീയത വളരെ ശ്രദ്ധേയം തന്നെ
.
പ്രവാചകനെ ഇകഴ്ത്താൻ ഏതു മാർഗ്ഗവും വിമർശകർ സ്വീകരിക്കും എന്നതിനുള്ള ഉദാഹരണമാണ് മടിയിൽ കിടന്നുറങ്ങി എന്ന വാചകം ഇവർ കൂട്ടിച്ചേർത്തത്. എവിടെനിന്നാണ് ഇവർക്ക് ഇത് ലഭിച്ചത് എന്ന് ആർക്കു മറിയില്ല. ഒരു രിവായത്തിലും അത്തരം ഒരു പരാമർശം ഇല്ല.
ഇനി പ്രവാചകന്റെ തലയിൽ പേൻ നോക്കി എന്ന പരാമർശം പരിശോധിക്കാം. ചിലർ പ്രവാചകൻ വൃത്തിയും ശുചിത്വവും ഇല്ലാത്ത ആളായിരുന്നു എന്ന് സ്ഥാപിക്കാൻ വേണ്ടി ഇത് തെളിവായി ഉദ്ധരിക്കാറുണ്ട്. വൃത്തിയുടെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തിന്റെ വിഷയത്തിലുള്ള പ്രവാചകനിർദ്ദേശങ്ങളിലൂടെ ഒരാവർത്തി കണ്ണോടിച്ച ഏതൊരാൾക്കും ഈ ആരോപണം പൊള്ളയാണ് എന്ന് മനസ്സിലാക്കാൻ കഴിയും. വാസ്തവത്തിൽ സാധാരണ വയസ്സായ സ്ത്രീകളുടെ അടുത്ത് ചെല്ലുമ്പോൾ സ്വാഭാവികമായി അവർ നടത്തുന്ന സ്നേഹപ്രകടനങ്ങളിൽ ഒന്നാണ് തലയിൽ പേൻ നോക്കുക എന്നത് . ഇന്നത്തെ കാലത്തും അത് മനസ്സിലാക്കാൻ പ്രയാസമില്ല. ഇനി അഥവാ പ്രവാചകന്റെ തലയിൽ അന്ന് പേനുണ്ടായിരുന്നു എന്ന് വെച്ചാൽ തന്നെയും ഒരു മനുഷ്യൻ എത്ര വൃത്തിയും വെടിപ്പും പാലിക്കുന്ന ആളായാൽ പോലും അയാളുടെ തലയിൽ പേനുണ്ടാവുക എന്നത് അസാധ്യമൊന്നുമല്ലല്ലോ. ഒരുപക്ഷേ ആ സമയത്ത് പ്രവാചകന്റെ തലയിൽ പേനുണ്ടായിരിക്കാം. പേൻ നോക്കി എന്നാണല്ലോ പരാമർശം പേൻ കിട്ടിയെന്നോ മറ്റോ കാണുന്നുമില്ല. നമ്മളെപ്പോലെ തന്നെ ഒരു സാധാരണ മനുഷ്യന്റെതായ ശാരീരിക ഗുണങ്ങളുള്ള പ്രവാചകനെ സംബന്ധിച്ചിടത്തോളം ഇനി അഥവാ അങ്ങനെ ആ സന്ദർഭത്തിൽ പേനുണ്ടായാൽ തന്നെ അതൊരു കുറവായോ ആക്ഷേപാർഹമോ ആയി കാണാൻ കഴിയുന്ന കാര്യമല്ല എന്ന് വ്യക്തം. സ്വന്തം മകനെ പ്പോലെ കാണുന്ന പ്രവാചകൻ വീട്ടിൽ വന്നപ്പോൾ സ്നേഹപുരസ്സരം തലയിൽ പേൻ നോക്കിക്കൊടുത്ത ഒരു വൃദ്ധയും അതിന് തല വെച്ചു കൊടുത്ത പ്രവാചകനും സുബോധമുള്ളവർക്ക് നല്കുന്നത് നന്മയുടെ അതുല്യ മാതൃകകളാണ്.
പ്രവാചകന്റെ സംശുദ്ധമായ ജീവിതത്തിൽ എന്തെങ്കിലും പുഴുക്കുത്തുകൾ കണ്ടെത്താൻ തത്രപ്പെടുന്ന വിമർശകരുടെ കണ്ണിൽ മാത്രമാണ് ഇതൊക്കെയും പ്രശ്നമാകുന്നത്.


Comments
Post a Comment