അടിമപ്പെണ്ണിനെ അനർഹമായി കൈവശപ്പെടുത്തിയ അലി (റ) ! | വസ്തുതയെന്ത് ? - മുഹമ്മദ് യാസീൻ


വിമർശനം: 

യുദ്ധാർജിത സ്വത്തിൽ നിന്ന് തനിക്ക് അർഹതപ്പെടാത്ത ഒരു അടിമസ്ത്രീയെ അലി (റ) തന്ത്രത്തിൽ കൈവശപ്പെടുത്തിയെന്നും അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നും ബുഖാരിയിൽ ഹദീസുണ്ട്. ഇത് അവിശ്വസനീയമാണ്.


മറുപടി:

 വിമർശകർ പറയുന്ന ഇമാം ബുഖാരി ഉദ്ദരിച്ച ഹദീസിന്റെ യഥാർത്ഥ രൂപം:

4350 عن عبد الله بن بريدة عن أبيه رضي الله عنه قال : بعث النبي صلى الله عليه وسلم عليا إلى خالد ليقبض الخمس، وكنت أبغض عليا وقد اغتسل، فقلت لخالد : ألا ترى إلى هذا ؟ فلما قدمنا على النبي صلى الله عليه وسلم ذكرت ذلك له، فقال : " يا بريدة، أتبغض عليا ". فقلت : نعم. قال : " لا تبغضه ؛ فإن له في الخمس أكثر من ذلك ".

അർത്ഥം : ബുറൈദ (റ) വിൽ നിന്ന് നിവേദനം: യുദ്ധാർജിത സമ്പത്തിലെ അഞ്ചിലൊന്ന് ശേഖരിക്കാൻ നബി (സ്വ) അലി (റ) വിനെ ഖാലിദ് (റ) വിന്റെ അടുക്കലേക്കയച്ചു. (ബുറൈദ (റ) പറയുന്നു:) അലി (റ) കുളിക്കുന്നത് കണ്ട് എനിക്ക് അദ്ദേഹത്തോട് വെറുപ്പ് തോന്നി. അപ്പോൾ ഞാൻ ഖാലിദിനോട് ചോദിച്ചു: "താങ്കൾ ഇത് കാണുന്നില്ലയോ?" പിന്നീട് നബി (സ) യുടെ അടുക്കൽ വന്നപ്പോൾ അക്കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ നബി (സ്വ) ചോദിച്ചു : "ബുറൈദാ, താങ്കൾക്ക് അലിയോട് വെറുപ്പ് തോന്നുന്നുണ്ടോ?" ഞാൻ പറഞ്ഞു: "അതെ" നബി (സ്വ) പറഞ്ഞു: "നീ അദ്ദേഹത്തെ വെറുക്കേണ്ടതില്ല, അഞ്ചിൽ ഒന്നിൽ അതിലും അധികം അവകാശം അദ്ദേഹത്തിനുണ്ട് ".


ഈ ഹദീസിലെ ശേഖരിക്കാൻ എന്നു പറഞ്ഞ ഭാഗത്ത് മറ്റു പല റിപ്പോർട്ടുകളിലും (ليقسم) ഓഹരി വെക്കാൻ എന്നാണുള്ളത്.

ഈ ഹദീസിൽ ഒരു യുദ്ധാര്‍ജിത സ്വത്തിലെ 'അഞ്ചിലൊന്ന് വിഹിതം' (الخمس) ശേഖരിക്കാനും അത് ഓഹരി വെക്കാനുമായി നബി (സ്വ) അലിയെ ഖാലിദിന്റെ (റ) അടുക്കലേക്ക് പറഞ്ഞയച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളാണ് പരാമർശിച്ചിട്ടുള്ളത്.


ആമുഖമായി എന്താണ് ഈ 'അഞ്ചിലൊന്ന് ' (الخمس) കൊണ്ട് ഉദ്ദേശം എന്നും, അത് സ്വീകരിക്കാൻ അലി (റ) വിനെ പറഞ്ഞയക്കേണ്ട കാര്യം എന്തായിരുന്നു എന്നും മനസ്സിലാക്കാം.


യുദ്ധാർജിത സ്വത്ത് യോദ്ധാക്കൾക്കിടയിലും മറ്റും എങ്ങനെ വിഹിതം വയ്ക്കണം എന്ന വിഷയത്തിൽ ഇസ്ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്.


യുദ്ധാർജിത മുതൽ ഓഹരി വെക്കേണ്ടത് ഭരണകർത്താവോ അല്ലെങ്കിൽ അദ്ദേഹം അതിന് നിശ്ചയിക്കുന്നവരോ ആകുന്നു. അതിൻറെ അഞ്ചിൽ നാല് ഭാഗവും യോദ്ധാക്കൾക്കിടയിലും മറ്റും ഓഹരി വെക്കുമ്പോൾ, അതിൻറെ അഞ്ചിൽ ഒന്ന് ഭാഗം നബി (സ) ക്ക് പ്രത്യേകം അധികാരമുള്ള ഭാഗമാണ്. അത് എങ്ങനെ ഓഹരി വെക്കണമെന്ന് വിശുദ്ധ ഖുർആൻ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് :

﴿۞ وَٱعۡلَمُوۤا۟ أَنَّمَا غَنِمۡتُم مِّن شَیۡءࣲ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِی ٱلۡقُرۡبَىٰ وَٱلۡیَتَـٰمَىٰ وَٱلۡمَسَـٰكِینِ وَٱبۡنِ ٱلسَّبِیلِ﴾ [الأنفال ٤١]


സാരം : "നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍." (സൂറത്തുൽ അൻഫാൽ: 41)


ഈ അഞ്ചിലൊന്ന് എങ്ങനെ വീതം വെക്കണമെന്നതുമായി ബന്ധപ്പെട്ട അറിവും വിവേകവും ഉള്ള ആൾ ആയതുകൊണ്ട് തന്നെയാണ് അതിനായി അലി (റ) വിനെ നബി (സ്വ) നിയോഗിച്ചത്.


അതിൽ ഒരു ഭാഗം നബി (സ) യുടെ അടുത്ത കുടുംബത്തിനുള്ളതാണെന്ന് ആയത്തിൽ പറഞ്ഞല്ലോ. അവരിൽ പെട്ടവരാണ് അലിയും അബ്ബാസുമെല്ലാം (റ). അപ്പോൾ ആ അഞ്ചിൽ ഒന്നിലെ അവകാശികളിൽ പെട്ടവരായിരുന്നു അലി (റ) എന്ന് വ്യക്തം.


അലി (റ) കുളിച്ച് വന്നപ്പോൾ അദ്ദേഹത്തോട് ബുറൈദ (റ) കോപാകുലനായി എന്ന് പറയുന്ന ഭാഗമാണല്ലോ ഈ ഹദീസിനെ വിമർശിക്കാനായി വിമർശകർ ഉപയോഗിക്കുന്നത്. അതായത് ആ യുദ്ധാർജിത മുതലിൽ നിന്ന് ഒരു അടിമസ്ത്രീയുമായി ബന്ധപ്പെട്ടതിന്റെ ഭാഗമായുള്ള ജനാബത്ത് കുളിയാണ് അദ്ദേഹം നിർവഹിച്ചത്.


അലി (റ) ബന്ധപ്പെട്ടത് യുദ്ധാർജിത മുതലിൽ നിന്ന് തനിക്ക് അർഹതപ്പെടാത്ത അടിമ സ്ത്രീയുമായാണ് എന്ന തെറ്റിദ്ധാരണയാകുന്നു ബുറൈദ (റ) വിനെ ചോടിപ്പിച്ചത് എന്ന് സന്ദർഭത്തിൽ നിന്ന് മനസ്സിലാക്കാം.


 അതുകൊണ്ടാണല്ലോ നബി (സ്വ) അദ്ദേഹത്തോടെ പറഞ്ഞത് : "നീ അലിയെ വെറുക്കരുത്, അഞ്ചിൽ ഒന്നിലുള്ള അലിയുടെ അവകാശം (അദ്ദേഹം എടുത്ത ആ അടിമസ്ത്രീയെക്കാൾ) കൂടുതൽ ഉണ്ട്." ഈ വാചകത്തിലൂടെ ബുറൈദ (റ) വിന് ഉണ്ടായിരുന്ന ആ തെറ്റിദ്ധാരണ നബി (സ) തിരുത്തിക്കൊടുക്കുകയാണ് ചെയ്തത്.


 അദ്ദേഹത്തിനുണ്ടായിരുന്ന ഈ തെറ്റിദ്ധാരണ അലി (റ) തന്നെ തിരുത്തി കൊടുത്തതായി മറ്റൊരു റിപ്പോർട്ടിൽ നമുക്ക് കാണാം :

فقال : " ألم تر الى الوصيفة؟ فإنها صارت في الخمس، ثم صارت في آل محمد، ثم صارت في آل عليّ، فوقعت بها. " (أخرجه أحمد)

സാരം : അലി പറഞ്ഞു : "ആ അടിമ സ്ത്രീയുടെ കാര്യം നിനക്കറിയില്ലേ? അവൾ അഞ്ചിൽ ഒന്നിൽ പെട്ടതാകുന്നു. അതിൽ തന്നെ പ്രവാചക കുടുംബത്തിനുള്ള അവകാശത്തിലും, അതിൽ അലിയുടെ കുടുംബത്തിനുള്ള അവകാശത്തിലും പെട്ടവളാകുന്നു, അതുകൊണ്ടാണ് ഞാൻ അവളുമായി ബന്ധപ്പെട്ടത്."


മാത്രമല്ല, നബി (സ) അദ്ദേഹത്തിനുണ്ടായ ഈ തെറ്റിദ്ധാരണ തിരുത്തിയശേഷം, അലി (റ)വോളം അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ആരുമില്ലായിരുന്നു എന്നുവരെ ആ റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞു കാണാം :

قَالَ : فَمَا كَانَ مِنَ النَّاسِ أَحَدٌ بَعْدَ قَوْلِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَحَبَّ إِلَيَّ مِنْ عَلِيٍّ.

അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരുടെ (സ്വ) ആ വാചകത്തിന് ശേഷം അലിയോളം എനിക്ക് ഇഷ്ടപ്പെട്ട ആരുമില്ലായ്രുന്നു."


അപ്പോൾ വിമർശകർ പറയുന്ന പോലുള്ള അലി (റ) വിന്റെ കാമഭ്രാന്തൊന്നുമല്ല ബുറൈദ (റ) വിന് അദ്ദേഹത്തോട് വെറുപ്പ് തോന്നാനുണ്ടായ കാരണമെന്ന് വ്യക്തം.


യുദ്ധാർജിത സ്വത്തിലെ സ്ത്രീകൾ അടിമ സ്ത്രീകളാണെന്നതും, തനിക്ക് ലഭിക്കുന്ന അടിമസ്ത്രീയുമായി ശാരീരിക ബന്ധത്തിലേർപ്പെടാമെന്നതും, അന്ന് നിലവിൽ ഉണ്ടായിരുന്ന സ്വാഭാവികമായ സാമൂഹിക സമ്പ്രദായമായിരുന്നു. അടിമ സ്ത്രീകൾ ലോകത്ത് നിലനിന്നിരുന്ന കാലമത്രയും അത് അങ്ങനെ തന്നെയായിരുന്നു. അത് ഇസ്ലാമിൽ മാത്രമല്ല, ഏത് സമൂഹത്തിലും മതവിഭാഗത്തിലും നിലവിലുണ്ടായിരുന്ന സംവിധാനമായിരുന്നു. വിശുദ്ധ ഖുർആനും അടിമസ്ത്രീകളുമായുള്ള ലൈംഗിക ബന്ധം അനുവദിക്കുന്നുണ്ട് :

{ وَٱلَّذِینَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ (5) إِلَّا عَلَىٰۤ أَزۡوَ ٰ⁠جِهِمۡ أَوۡ مَا مَلَكَتۡ أَیۡمَـٰنُهُمۡ فَإِنَّهُمۡ غَیۡرُ مَلُومِینَ (6) فَمَنِ ٱبۡتَغَىٰ وَرَاۤءَ ذَ ٰ⁠لِكَ فَأُو۟لَـٰۤىِٕكَ هُمُ ٱلۡعَادُونَ }

(سورة المؤمنون: ٥-٧)

സാരം: " തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. "


ഈ ഹദീസുമായി ബന്ധപ്പെട്ട് വിമർശകർ പറയാറുള്ള മറ്റൊരു ആക്ഷേപം, പ്രായപൂർത്തിയാകാത്ത ആർത്തവം പോലും എത്തിയിട്ടില്ലാത്ത ചെറിയ ബാലികയുമായാണ് അലി (റ) ബന്ധപ്പെട്ടത് എന്നതാണ്. എന്നാൽ സത്യത്തിൽ ഈ വാദത്തിന് ഈ ഹദീസിന്റെ ഒരു റിപ്പോർട്ടിലും ഒരു തെളിവുമില്ല. ഇനി ഹദീസിൽ വന്ന الوصيفة എന്ന പദപ്രയോഗമാണ് അവരുടെ ആധാരമെങ്കിൽ ആ പദപ്രയോഗത്തിനുള്ള പല അർത്ഥങ്ങളിൽ ഒരർത്ഥം മാത്രമാണ് പ്രായപൂർത്തിയാകാത്ത അടിമസ്ത്രീ എന്നത്. അതേപദത്തിനു തന്നെ പരിചാരക, അടിമസ്ത്രീ, യുവതി, തുടങ്ങിയ പല അർത്ഥങ്ങളും ഉണ്ട്. മാത്രമല്ല, ഈ ഹദീസിന്റെ മറ്റു പല റിപ്പോർട്ടുകളിലും الجارية എന്ന പദവും കാണാം. അതിൻറെ അർത്ഥം 'അടിമസ്ത്രീ, അവൾ കിളവിയാണെങ്കിലും' എന്നാണ് എന്ന കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധേയമാകുന്നു. ഈ ഹദീസ് വിശദീകരിച്ച ഒരു ഇസ്ലാമിക പണ്ഡിതനും അങ്ങനെ പറഞ്ഞിട്ടുമില്ല. പിന്നെ എവിടെ നിന്നാണ് ഇവർക്ക് അത് ഒരു ബാലികയായിരുന്നു എന്ന് കിട്ടിയത്! മഞ്ഞപിത്തം പിടിച്ചാൽ കാണുന്നതെല്ലാം പിന്നെ മഞ്ഞ എന്ന് പറഞ്ഞ പോലെ, ദീനിന്റെ പ്രമാണങ്ങളെ വികലമാക്കണമെന്ന ഒരറ്റ ചിന്തയുമായി ഏത് ഹദീസുകളെ നോക്കിയാലും ഇങ്ങനെയൊക്കെ മാത്രമെ അവ കാണാൻ കഴിയൂ. അതിന്റെ കൂടെ, മനസ്സിൽ ദുഷിച്ച ലൈംഗിക ചിന്തകളുകൂടി ആയാൽ പിന്നെ പറയേണ്ടതില്ല. ഒരു അടിസ്ഥാനവുമില്ലാതെ, വെറും ഭാഷാപരമായ വിദൂര സാധ്യതകൾ വെച്ച് മാത്രം വിമർശിക്കാൻ മുതിർന്നാൽ ഏത് ആട്ടിൻകുട്ടിയെയും ചെന്നായയായി അവതരിപ്പിക്കാമല്ലോ. ഇത്തരത്തിൽ തന്നെയാണ് ഈ ഇസ്ലാമിക വിമർശകരുടേയും ഹദീസ് വിമർശകരുടെയും എല്ലാ വിമർശനങ്ങളും എന്ന് നമ്മൾ മനസ്സിലാക്കുക.

Comments

  1. നബി (സ്വ) യേയും സ്വഹാബത്തിനേയും അധിക്ഷേപിക്കലും പഴിചാരലും എന്നും ഹദീസ് നിഷേധികളുടെയും മതനിരാസകരുടെയും മുഖ്യ അജണ്ടയാണ്. എന്നാൽ ഒരുളക്കുപ്പേരി എന്ന നിലക്ക് ഇതിനെയെല്ലാം തായിട്ടുപൂട്ടുന്ന പ്രമാണ പിൻബലമുള്ള ലേഖനങ്ങൾ ഏറെ സന്തോഷം നൽകുന്നു.
    ഇതിനു പിന്നിൽ പ്രയത്നിക്കുന്ന മുഴുവൻ കരങ്ങൾക്കും അർഹമായ പ്രതിഫലം നൽകണേണമേ. 'രിവായ' എന്ന ഈ സംരംഭത്തിനെ അതിന്റെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കേണമേ.

    ReplyDelete

Post a Comment