ഉമൈമയുടെ സംഭവം; യാഥാർത്ഥ്യമെന്ത് ! | വസ്തുതയെന്ത് ? - മുൻദിർ ബിൻ റബീഅ്
വിമർശനം:
നബി(സ) തോട്ടത്തിൽ വെച്ച് ഒരു പെൺകുട്ടിയെ കടന്നു പിടിച്ചതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക.
അബൂ ഉസൈദ് പറയുന്നു: ഞങ്ങൾ നബിയുടെ കൂടെ പുറപ്പെട്ടു ، ശൗത്ത് എന്ന ഒരു തോട്ടത്തിൽ ഞങ്ങൾ എത്തിച്ചേർന്നു, രണ്ട് തോട്ടമതിലുകൾക്കിടയിലെത്തിയപ്പോൾ ഇവിടെ നമുക്ക് ഇരിക്കാം എന്ന് നബി പറഞ്ഞു. അപ്പോൾ ജൗനിയുടെ പുത്രിയെ അവിടേക്ക് കൊണ്ടുവരപ്പെട്ടു, ഉമൈമതിൻ്റെ വീട്ടിലേക്കാണ് ആനയിക്കപ്പെട്ടത്.
അവളുടെ കൂടെ അവളെ ശുശ്രൂഷിച്ചു വളർത്തിപ്പോന്ന ആയയുമുണ്ടായിരുന്നു ,
നീ നിന്നെ എനിക്ക് സമർപ്പിച്ചു കൊള്ളുക എന്ന് നബി അരുളി.
അപ്പോൾ അവൾ : ഒരു രാജ്ഞി അവളെ അങ്ങാടിയിൽ ചുറ്റിത്തിരിയുന്ന നിങ്ങൾക്ക് സമർപ്പിക്കുകയോ? അവൾ ശാന്തത പ്രാപിക്കുവാൻ നബി തൻറെ കൈ അവളുടെ ശരീരത്തിൽ വെക്കാൻ ഒരുമ്പെട്ടു , അപ്പോൾ താങ്കളിൽ നിന്നും രക്ഷ പ്രാപിക്കാനായി ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു എന്ന് അവൾ പറഞ്ഞു, അഭയം പ്രാപിക്കേണ്ട സ്ഥാനത്തു തന്നെയാണ് നീ അഭയം പ്രാപിച്ചത് എന്ന് നബി പറഞ്ഞശേഷം ഇറങ്ങിവന്ന് ഇപ്രകാരം അരുളി : അബൂ ഉസൈദ് , അവൾക്ക് ഇന്ന ഇനത്തിലുള്ള വസ്ത്രം കൊടുത്തു സ്വകുടുംബത്തിലേക്ക് എത്തിക്കുക.
മറുപടി:
ഇമാം ബുഖാരി തൻറെ സഹീഹിൽ ത്വലാക്കിന്റെ അധ്യായത്തിൽ ഉദ്ധരിച്ച 5255 മത്തെ ഹദീസാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിച്ച അദ്ധ്യായവും ഇതിന് തൊട്ടു മുകളിലും താഴെയുമുള്ള 5254 ,52 56 മതെ ഹദീസും പരിശോധിക്കുകയാണെങ്കിൽ, ഇവർ ഹദീസിനെ മുൻനിർത്തി നടത്തിയ തിരിമറികൾ നമുക്ക് മനസ്സിലാക്കാവുന്നതാണ്.
ഇവർ കൊണ്ടുവന്ന ഹദീസിന്റെ തൊട്ടു മുകളിലും താഴെയുമുള്ള ഹദീസുകളിൽ അത് പ്രവാചകൻ കല്യാണം കഴിച്ച ഉമൈമ ബിൻത്ത് നുഅ്മാൻ ആയിരുന്നു എന്ന് വ്യക്തമാവും. ഇവർ പറഞ്ഞത് പോലെ അന്യസ്ത്രീയായിരുന്നില്ല അത്.
عَنْ أَبِي أُسَيْدٍ قَالَ: تَزَوَّجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أُمَيْمَةَ بِنْتَ شَرَاحِيلَ،
അബൂ ഉസൈദ് പറഞ്ഞു: നബി ഉമൈമയെ വിവാഹം ചെയ്തു.
ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഭാര്യയെ ത്വലാഖ് ചെയ്യാമോ? എന്ന തലക്കെട്ടിലാണ് ഇമാം ബുഖാരി ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്,അത് കൊണ്ട് തന്നെ പ്രവാചകൻ തന്റെ ഭാര്യയുമായി വീടുകൂടാൻ പോയതാണ് ഹദീസിലെ പരാമർശം എന്ന കാര്യം സംശയലേശമന്യേ തലക്കെട്ടിൽ നിന്നും വ്യക്തമാണ്.
ഇനി ഈ വിവാഹമാകട്ടെ പ്രവാചകൻ്റെ നിർബന്ധത്തിലുമല്ല നടന്നത്. ഉമൈമയുടെ പിതാവ് നുഅ്മാൻ ഇസ്ലാം സ്വീകരിച്ചപ്പോൾ അദ്ദേഹം പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമയെ കാണാനായി വന്നു . എന്നിട്ട് പ്രവാചകനോട് പറഞ്ഞു:
ألا أزوجك أجمل أيم في العرب ؟
അറബികളിൽ ഏറ്റവും സൗന്ദര്യമുള്ള ഒരു വിധവയെ ഞാൻ നിങ്ങൾക്ക് വിവാഹം ചെയ്തു തരട്ടേ?
അപ്പോൾ പ്രവാചകൻ അത് സ്വീകരിക്കുകയും, അദ്ദേഹത്തിൻറെ ആവശ്യപ്രകാരം തന്നെ വധുവിനെ കൊണ്ടുവരാൻ അബൂ ഉസൈദിനെ അദ്ദേഹത്തിൻറെ കൂടെ പറഞ്ഞുവിട്ടുകയും ചെയ്തു. അബൂ ഉസൈദ് നുഅ്മാൻ്റെ കൂടെ അദ്ദേഹത്തിൻറെ നാട്ടിലേക്ക് പോവുകയും പ്രവാചകൻ്റെ പത്നിയെയും അവളുടെ വളർത്തു ഉമ്മയെയും കൂട്ടി അദ്ദേഹത്തിൻറെ ഗോത്രമായ സാഇദി ഗോത്രത്തിൻ്റെ തോട്ടത്തിലാക്കി.
എന്നിട്ട് അദ്ദേഹം പ്രവാചകനെയും കൂട്ടി ആവിടെക്ക് വന്നു.
ഇവർ പറഞ്ഞപോലെ പ്രവാചകന് ഈയൊരു സ്ത്രീയെ യാദൃശ്ചികമായി തോട്ടത്തിൽ വെച്ച് കണ്ടതല്ല ,നേരെ മറിച്ച് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം കല്യാണത്തിന്റെ ഒരു ഭാഗമായിട്ടാണ് കുടുംബാംഗങ്ങളൊടപ്പം പ്രവാചകനും ഉമൈമയും അവിടെ എത്തിയത്.
എന്നിട്ട് പ്രവാചകൻ സല്ലള്ളാഹു അലൈഹി വസല്ലമ തൻറെ ഭാര്യയുടെ അടുക്കൽ പ്രവേശിക്കുകയും അവളോട് നിന്നെ എന്നിലേക്ക് ഏൽപ്പിക്കുവാൻ അദ്ദേഹം അരുളി, പ്രവാചകന്റെ മഹത്വം മനസ്സിലാക്കാതെ ആ വനിത രാജ പുത്രിയെ ഒരു അങ്ങാടിക്കാരന് ഏൽപ്പിക്കുകയോ എന്ന് നീരസത്തോടെ പറഞ്ഞു. പ്രവാചകൻ ആ വനിതയുടെ പ്രയാസം മനസ്സിലാക്കുകയും ആശ്വസിപ്പിക്കാനെന്നോളം അവളുടെ തോളത്ത് കൈ വെക്കാൻ ഒരുമ്പെട്ടപ്പോഴാണ് പ്രവാചകനിൽ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നത്.
ഇവർ ജല്പിക്കുന്നത് പോലെ പ്രവാചകൻ ആ സ്ത്രീയെ കയറി പിടിക്കുകയോ സ്പർശിക്കുകയോ ചെയ്തിട്ടില്ല,നെരേ മറിച്ച് സ്പർശിക്കാൻ ഒരുമ്പെടുക മാത്രമേ ചെയ്തുള്ളൂ , ഇവരുടെ തർജുമയിൽ പോലും "ആശ്വസിപ്പിക്കാന്നോളം ഒരുമ്പട്ടു" എന്ന് മാത്രമേ ഉള്ളൂ. അപ്പോൾ എങ്ങനെയാണ് കയറി പിടിച്ചു എന്ന് പറയുക.
താൻ വിവാഹം ചെയ്ത സ്ത്രീക്ക് തന്റെ കൂടെ ജീവിക്കാൻ താല്പര്യമില്ല എന്നറിഞ്ഞ പ്രവാചകൻ അപ്പോൾ തന്നെ സമ്മാനങ്ങൾ നൽകി ആ സ്ത്രീയെ കുടുംബത്തിലേക്ക് തിരിച്ച് അയക്കുകയും ചെയ്തു. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതത്തിലെ ഒരു സുപ്രധാന പാഠമാണ് ഈയൊരു സംഭവത്തിലൂടെ പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നത്,
لا تحملوا النساء على ما يكرهن
സ്ത്രീകൾ വെറുക്കുന്ന കാര്യങ്ങളിൽ നിങ്ങൾ അവരെ നിർബന്ധിക്കരുത് എന്ന പ്രവാചക വചനത്തിന്റെ ഒരു ജീവിത പകർപ്പാണ് ഈയൊരു സംഭവം.
തന്റെ നാട്ടിൽ തിരിച്ചെത്തിയ ഉമൈമ പ്രവാചകനുമായുള്ള ദാമ്പത്യ ജീവിതം ഉപേക്ഷിച്ചതിൽ പിന്നീട് ഖേദിക്കുകയും, ‘തനിക്ക് അമളി പറ്റി പോയി’ എന്ന് പറയുകയും ചെയ്തതായി ചരിത്രത്തിൽ തന്നെ കാണാം.
ഈ ഒരു സംഭവം വളരെ വിശദമായി ഇബ്നു ഹജർ ഫത്ഹിലും, ഇബ്നു സഅദ് ത്വബക്കാത്തിലും ഉദ്ദരിക്കുന്നുണ്ട്.


Comments
Post a Comment