സിഹ്റിൻ്റെ ഹദീസ് ബുദ്ധിക്ക് നിരക്കാത്തതോ !? - ഭാഗം: 1 | വസ്തുതയെന്ത് ? - സ്വാദിഖ് അലി
വിമർശനം:
റസൂലിന് സിഹ്ർ ബാധിച്ചുവെന്ന് പറയുന്ന ഹദീസ് ബുദ്ധിക്ക് നിരക്കാത്തതാണ് .
വിമർശനത്തിന്റെ വിശകലനം: ബുദ്ധിക്ക് യോജിക്കാൻ കഴിയാത്ത ഹദീസുകൾ വന്നാൽ അതിനെ നിരുപാധികം തള്ളിക്കളയണം എന്നതാണ് ഈ വാദക്കാർ മുന്നോട്ട് വെക്കുന്നത്. ഹദീസുകൾ സ്വഹീഹായാലും ഇതു തന്നെയാണ് വിധി.
മറുപടി:
ബുദ്ധിക്ക് പ്രാധാന്യം നൽകി പ്രമാണങ്ങളെ അരികുവൽക്കരിക്കുകയെന്ന രീതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ; നൂറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. അതുകൊണ്ട് തന്നെ മഹത്തുക്കളായ പണ്ഡിതന്മാർ ഇത്തരം വിമർശനങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടിയും പറഞ്ഞിട്ടുണ്ട്.
◽ഒന്ന്: നമ്മുടെ ബുദ്ധിയും ശരിയായ പ്രമാണവും തമ്മിൽ വൈരുദ്ധ്യമാവുകയില്ല.
കാരണം അവ രണ്ടും അല്ലാഹുവിൽ നിന്നുള്ളതാണ്. അല്ലാഹുവിൽ നിന്നുള്ള കാര്യങ്ങൾ ഒരിക്കലും പരസ്പ്പര വൈരുദ്ധ്യങ്ങളാവുകയില്ല. അല്ലാഹു പറയുന്നു:
“അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില് അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.” (4:82)
ഇമാം ഇബ്നു കസീർ (റ) ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു:
﴿لَوَجَدُوا فِيهِ اخْتِلافًا كَثِيرًا﴾ أَيْ: اضْطِرَابًا وَتَضَادًّا كَثِيرًا. أَيْ: وَهَذَا سَالِمٌ مِنَ الِاخْتِلَافِ، فَهُوَ مِنْ عِنْدِ اللَّهِ.
“അതായത് : ധാരാളം വൈരുദ്ധ്യങ്ങൾ കാണാമായിരുന്നു. എന്നാൽ ഇത് അത്തരം വൈരുദ്ധ്യങ്ങളിൽ നിന്ന് മുക്തമാണ്. കാരണം ഇത് അല്ലാഹുവിൽ നിന്നാണ്.” (തഫ്സീർ ഇബ്നു കസീർ )
മതനിയമങ്ങളുടെയും സൃഷ്ടിപ്പിന്റെയും അധികാരി അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു:
“അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്.ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.” ( 7:54 )
മതനിയമമായി ഒരു കാര്യം ശാസിക്കുവാനും പ്രപഞ്ചത്തിൽ ഒന്നിനെ സൃഷ്ടിക്കുവാനും അല്ലാഹുവിനാണ് അധികാരമുള്ളത്. മതം പരിപൂർണ്ണമായി ഇറക്കിക്കൊടുത്ത സമയത്ത് ഒരു പ്രവാചകാനുചരനും ഇന്ന കാര്യം ബുദ്ധിക്ക് നിരക്കുന്നതല്ലായെന്ന് പറഞ്ഞിട്ടില്ല. മറിച്ച് മതത്തിന്റെ എല്ലാ നിയമങ്ങളും എല്ലാ പ്രമാണവചനങ്ങളും അംഗീകരിക്കുകയും സ്വീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. കാരണം അവരുടെ ബുദ്ധി അത് ഉൾകൊണ്ടിരുന്നു.
◽രണ്ട് : ശരിയായ പ്രമാണങ്ങൾ നിരുപാധികം സ്വീകരിക്കുക.
നബി (സ) യുടെ കാലം മുതൽ ഇന്നേവരെയുളള പണ്ഡിതലോകം മുഴുവൻ അംഗീകരിച്ച് വരുന്ന കാര്യമാണ് സ്വഹീഹായ പ്രമാണം സ്വീകരിക്കണമെന്നത്. അല്ലാഹു പറയുന്നു:
{ وَمَن یُشَاقِقِ ٱلرَّسُولَ مِنۢ بَعۡدِ مَا تَبَیَّنَ لَهُ ٱلۡهُدَىٰ وَیَتَّبِعۡ غَیۡرَ سَبِیلِ ٱلۡمُؤۡمِنِینَ نُوَلِّهِۦ مَا تَوَلَّىٰ وَنُصۡلِهِۦ جَهَنَّمَۖ وَسَاۤءَتۡ مَصِیرًا }
“തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും (അല്ലാഹുവിൻ്റെ) ദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം !” (4:115 )
ഇമാം ഇബ്നുകസീർ (റ) പറഞ്ഞു:
أَيْ: وَمَنْ سَلَكَ غَيْرَ طَرِيقِ الشَّرِيعَةِ الَّتِي جَاءَ بِهَا الرَّسُولُ ﷺ، فَصَارَ فِي شِقٍّ وَالشَّرْعُ فِي شِقٍّ، وَذَلِكَ عَنْ عَمْد مِنْهُ بَعْدَمَا ظَهَرَ لَهُ الْحَقُّ وَتَبَيَّنَ لَهُ وَاتَّضَحَ لَهُ.
പ്രമാണം സത്യമാണെന്ന് (ശരിയായ പ്രമാണമാണെന്ന്) ബോധ്യപ്പെട്ടതിന് ശേഷം അതിനെ മനപ്പൂർവ്വം അവഗണിച്ച് കളയുന്നവനെ കുറിച്ചാണ് ഈ ആയത്തിൽ അല്ലാഹു പറയുന്നത്.
മാത്രവുമല്ല പ്രവാചകൻ കൊണ്ടുവന്ന എല്ലാ കാര്യങ്ങളും നാം സ്വീകരിക്കണം എന്നതാണ് ഖുർആനിന്റെ ആഹ്വാനം. അല്ലാഹു പറയുന്നു:
“നിങ്ങള്‍ക്കു റസൂല്‍ നല്കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക.” (59: 7 )
ഇമാമീങ്ങളും ഈയൊരു അടിസ്ഥാനം ആളുകളെ പഠിപ്പിച്ചവരാണ്. ഇമാം ശാത്വിബി (റ) പറയുന്നു:
يقول الشاطبي - رحمه الله : ”الواجب تقديم ما حقه التقديم وهو الشرع، وتأخير ما حقه التأخير وهو نظر العقل، فلا يصح تقديم الناقص المفتقر حاكماً على الكامل المستغني، فهذا خلاف المعقول والمنقول“ . (منهج السلف في الدفاع عن العقيدة - المجلد 1 - الصفحة 31 )
മുന്തിക്കാൻ അർഹമായതിനെ (പ്രമാണത്തെ) മുന്തിക്കലും പിന്തിക്കൽ അർഹമായതിനെ (ബുദ്ധിയെ) പിന്തിക്കലും നിർബന്ധമായ കാര്യമാണ്. ന്യൂനനും, ആശ്രിതനുമായ ഒരുവനെ (ബുദ്ധിയെ) പൂർണനും , ധന്യനുമായവന്നുമേൽ (പ്രമാണത്തിന് മേൽ) അധികാരിയാക്കുന്നത് ശരിയാവുകയില്ല. കാരണം അത് ബുദ്ധിക്കും പ്രമാണങ്ങൾക്ക് യോജിക്കാത്തതാണ് .
ഇമാം മാലിക്ക്, ഇമാം ശാഫിഇ, ഇമാം അബുൽ ഇസ്സ് അൽ ഹനഫി, ഇമാം ഇബ്നു തൈമിയ رحمهم الله جميعاً തുടങ്ങി ധാരാളം പണ്ഡിതൻമാർ സമാനമായ വാക്യങ്ങൾ പറഞ്ഞതായി നമുക്ക് കാണാം.
◽ പ്രമാണങ്ങളേക്കാൾ ബുദ്ധിക്ക് പ്രാധാന്യം കൽപ്പിക്കുകയെന്നത് ഇസ്ലാമിനെ തകർക്കാൻ വന്ന മുഅ്തസില വിശ്വാസക്കാരുടെ വാദമാണ്. അവരുടെ ഇമാമായ നള്ളാം അൽ മുഅ്തസിലി പറയുന്നു:
وقال النظام: ”إن المكلف - قبل ورود السمع - إذا كان عاقلاً متمكناً من النظر يجب عليه تحصيل معرفة الباري تعالى بالنظر والاستدلال“ [الملل والنحل (١/ ٦٠) ] . (المشابهة بين المعتزلة الأوائل والمعتزلة الجدد للداعية فؤاد الشلهوب - المجلد 1 - الصفحة 12 )
“ഒരാൾ (ബുദ്ധിയും വിവേകവും പ്രായപൂർത്തിയും ആയവൻ) കാര്യങ്ങൾ നോക്കി മനസ്സിലാക്കാൻ കഴിയുന്ന ആളാണെങ്കിൽ പ്രമാണങ്ങൾക്ക് മുമ്പ് അവന്റെ ബുദ്ധികൊണ്ട് അവൻ അല്ലാഹുവിനെ മനസ്സിലാക്കണം.”
പ്രമാണങ്ങളുടെ അടിസ്ഥാനമില്ലാത്ത, ഇസ്ലാമിനെ തകർക്കാൻ കൊണ്ടുവന്ന ഇത്തരം അടിസ്ഥാനങ്ങൾ തീർത്തും പ്രവാചകനും സ്വഹാബത്തിനും പരിചയമില്ലാത്തതും പുതുതായി കൊണ്ടുവന്നതുമാണ്.
◽ ഇത്തരം അടിസ്ഥാനങ്ങൾ വെച്ചു കൊണ്ടാണ് ഇമാം ബുഖാരി (റ) ഉദ്ധരിച്ച സ്വഹീഹായ ഹദീസുകൾ നിഷേധിക്കുവാൻ ചിലയാളുകൾ മുന്നോട്ട് വരുന്നത്. അത് തികച്ചും അന്യായമാണ്.
(തുടരും ...)


Comments
Post a Comment