വിശുദ്ധ ഖുർആനിലെ വചനങ്ങൾ ആട് തിന്ന് നശിച്ചെന്നോ !? | വസ്തുതയെന്ത് ? - മുൻദിർ എ പി
വിമർശനം:
വ്യഭിചാരിയെ എറിഞ്ഞു കൊല്ലണമെന്നുള്ള ആയത്തും പത്തു പ്രാവശ്യം മുല കൊടുക്കുന്നതിലൂടെ മുലകുടി ബന്ധം സ്ഥാപിതമാകുമെന്ന ആയത്തും ഖുർആനിൽ ഉണ്ടായിരുന്നുവെന്നും, ഞാൻ അത് എഴുതി സൂക്ഷിക്കുകയും, പിന്നീട് അത് ആട് തിന്നു നശിച്ചുവെന്നും ആയിഷ (റ) പറഞ്ഞതായി ഹദീസുകളിൽ കാണുന്നു. ഖുർആനിന്റെ പല ഭാഗങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നല്ലേ ഈ ഒരു ഹദീസ് സൂചിപ്പിക്കുന്നത്.
അവതരിപ്പിച്ചത് പോലെ ഖുർആൻ സംരംക്ഷിക്കുമെന്ന ഖുർആനിന്റെ വാദം നിരർത്ഥകമല്ലേ ???
മറുപടി:
ഖുർആനിനെ സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.
അല്ലാഹു പറഞ്ഞു:
{ إِنَّا نَحۡنُ نَزَّلۡنَا ٱلذِّكۡرَ وَإِنَّا لَهُۥ لَحَـٰفِظُونَ }
തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.
ഇവിടെ വിമർശകർ ഉന്നയിച്ചിട്ടുള്ള ഹദീസ് ഇമാം ഇബ്നുമാജയും, ഇമാം അഹമദും, ഇബ്നു ഹസ്മും ഉദ്ധരിച്ചിട്ടുള്ള ഹദീസാണ്.
عَنْ عَائِشَةَ ، قَالَتْ : لَقَدْ نَزَلَتْ آيَةُ الرَّجْمِ وَرَضَاعَةُ الْكَبِيرِ عَشْرًا، وَلَقَدْ كَانَ فِي صَحِيفَةٍ تَحْتَ سَرِيرِي، فَلَمَّا مَاتَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَتَشَاغَلْنَا بِمَوْتِهِ دَخَلَ دَاجِنٌ فَأَكَلَهَا.(ابن ماجه)
ആഇശ (റ) പറയുന്നു: എറിഞ്ഞു കൊല്ലുന്നതിനെയും മുതിർന്നവർക്ക് പത്ത് പ്രാവശ്യം മുലയൂട്ടുന്നതിനെയും സംബന്ധിച്ച് ആയത്ത് അവതരിച്ചു, അത് ഒരു ഏടിൽ എഴുതി എന്റെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നു, നബി (സ്വ) മരണപ്പെടുകയും ഞങ്ങൾ അവിടുന്നിന്റെ മരണത്തിൽ വ്യാപൃതമാവുകയും ചെയ്തപ്പോൾ ഒരു ആട്ടിൻകുട്ടി വന്ന് ആ ഏട് തിന്നുകളഞ്ഞു (ഇബ്നുമാജ).
ഇമാം ഇബ്നു ഹസ്മും, ഇമാം അൽബാനിയും ഈ ഹദീസ് സ്വഹീഹാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്ന ആയത്തും പത്തു പ്രാവശ്യം മുല കൊടുക്കുന്നതിലൂടെ മുലകുടി ബന്ധം സ്ഥാപിതമാകുമെന്ന ആയത്തും എഴുതിയ ഏട് ആടു തിന്നു എന്നാണ് ഈ ഹദീസിലുളളത്.
ആട് തിന്നതുകൊണ്ട് ആ ആയത്ത് ഖുർആനിൽ നിന്നും നഷ്ടപ്പെട്ടു എന്ന് വരുന്നില്ല.
കാരണം ആ ആട് തിന്ന ഭാഗത്തിലെ ആയത്തുകൾ ഏതാണെന്ന് കൃത്യമായി ആയിഷ (റ) തന്നെ പറയുന്നുണ്ട്.
അതുപോലെതന്നെ മറ്റു സഹാബികൾക്കും ഈ ആയത്ത് മനപ്പാഠമായിരുന്നു.
സ്വഹാബിമാരിൽ പ്പെട്ട ഉമർ (റ) വിനും, ഉബയ്യ് ബ്നു കഅബിനും, സൈദുബ്നു സാബിത്തിനും ഈ ആയത്തുകൾ മനപാഠമായിരുന്നു എന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. (ഇബ്നു ഹിബ്ബാൻ, ഹാക്കിം)
സൂറത്തുൽ അഹ്സാബിൽ ഉണ്ടായിരുന്ന
الشيخ والشيخة إذا زنيا فارجموهما البتة،
എന്ന ആയത്താണ് ആ ഏടിലുണ്ടായിരുന്നത്.
ഇത്രയും വ്യക്തമായിരിക്കേ പിന്നെങ്ങനെയാണ് ഈ ആയത്ത് നഷ്ടപെട്ടു എന്ന് പറയുക.
ഇനി ഈ ആട് ഈ ഭാഗങ്ങൾ തിന്നിട്ടില്ല എന്ന് സങ്കൽപ്പിക്കുക, അങ്ങനെയാണെങ്കിൽ കൂടി ഈ ആയത്തുകൾ ഇന്ന് വിശുദ്ധ ഖുർആനിൽ കാണുകയില്ല. കാരണം ഈ ആയത്തുകൾ വിശുദ്ധ ഖുർആനിന്റെ ക്രോഡീകരണ വേളയിൽ ചേർക്കാത്തത് ആടുതിന്നതു കൊണ്ടല്ല ,നേരെമറിച്ച്
പ്രവാചകൻ (സ്വ) ഖുർആൻ അവതരിക്കുന്ന കാലത്തു തന്നെ അല്ലാഹുവിന്റെ ഉൽബോധന പ്രകാരം ഈ രണ്ട് ആയത്തുകൾ ഇനി പാരായണം ചെയ്യേണ്ടതില്ല, എഴുതി വയ്ക്കേണ്ടതില്ല എന്ന് അറിയിച്ചത് കൊണ്ടാണ്.
ഉമർ (റ) ഈ ആയത്ത് എഴുതി സൂക്ഷിക്കുന്നതിനേ കുറിച്ച് ചോദിച്ചപ്പോൾ വേണ്ടതില്ല എന്നാണ് പ്രവാചകൻ നിർദേശം നൽകിയത്. (നസാഈ) ഈ ആയത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്ന് അറിയിക്കുകയും ചെയ്തു.
അത് തെളിയിക്കുന്ന രണ്ട് ഹദീസാണ് താഴെ കൊടുക്കുന്നത്:
عن عائشة - رضي الله عنها - قالت: "كان فيما نزل من القرآن عشر رضعاتٍ معلومات يحرمن، ثم نسخ بخمس معلوماتٍ يحرمن"،
ആയിഷ (റ) പറയുന്നു: വിശുദ്ധ ഖുർആനിൽ ആദ്യം അവതരിച്ചത് പത്തു പ്രാവശ്യം മുല കുടിക്കുന്നതിലൂടെ ബന്ധം സ്ഥാപിതമാകുമെന്നായിരുന്നു പിന്നീട് അത് നസ്ഖ് ചെയ്ത് അഞ്ചു പ്രാവശ്യമെന്നായി. (മുസ്ലിം)
عن عمر بن الخطاب قال فكان مما أنزل عليه آية الرجم.
ഉമർ (റ) പറഞ്ഞു: വ്യഭിചാരിയെ എറിഞ്ഞു കൊല്ലണമെന്ന ആയത്ത് ഖുർആനിൽ ഉണ്ടായിരുന്നു. (പിന്നീട് അതിന്റെ പാരായണം മാത്രം നസ്ഖ് ചെയ്തു )
അപ്പോൾ ആ ആയത്ത് അവർ മറന്നു പോവുകയോ അവരുടെ കൈയ്യിൽ നിന്നും നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല എന്നും, നഷ്ടപ്പെട്ടതിനാലോ മറന്നതിനാലോ അല്ല, അത് നസ്ഖ് ചെയ്തത് കൊണ്ട് മനപ്പൂർവമാണ് ഈ ആയത്തുകൾ ക്രോഡീകരണ വേളയിൽ ചേർക്കാതിരുന്നത് എന്നും വ്യക്തമാണ്.


Comments
Post a Comment