നബി (സ) ആഇശ (റ) യോടൊപ്പം ഒരന്യ പുരുഷനെ കണ്ടു എന്ന ആരോപണം ശരിയാണോ ? | വസ്തുതയെന്ത് ? - അജ്മൽ ഫൗസാൻ

 വിമർശനം: 
ആയിശ (റ) പറയുന്നു: ഒരിക്കൽ നബി (സ) വീട്ടിലേക്ക് കടന്നുവന്നപ്പോൾ എന്നോടൊപ്പം അവിടെ മറ്റൊരു പുരുഷൻ ഉണ്ടായിരുന്നു. നബി (സ) യുടെ മുഖത്ത് ഭാവവ്യത്യാസമുണ്ടായി. അവിടുത്തേക്ക് അതിഷ്ടപ്പെട്ടില്ലെന്ന് തോന്നി. നബി (സ) ചോദിച്ചു. " ആയിശ, ഇതാര് ? അപ്പോൾ ആയിശ(റ) പറഞ്ഞു: ഇദ്ദേഹം എന്റെ സഹോദരനാണ്. നബി (സ) അരുളി: ആയിശാ, നീ ഒന്ന് മനസ്സിലാക്കി കൊള്ളുക. ശിശു പാൽ മാത്രം കുടിച്ച് ജീവിക്കുന്ന പ്രായത്തിൽ മുലകുടിച്ചാൽ
മാത്രമേ സഹോദരബന്ധം സ്ഥാപിതമാവുകയുള്ളൂ "

ഇത് വായിക്കുമ്പോൾ നബി കടന്നു ചെന്നപ്പോൾ അവിടെ എന്താണ് നടന്നുകൊണ്ടിരുന്നത് എന്ന് മനസ്സിലാക്കാൻ ആർക്കും പ്രയാസമില്ലല്ലോ. 


   മറുപടി : 

ഇമാം ബുഖാരിയും മുസ്‌ലിമും ഒക്കെ ഉദ്ധരിച്ച ഹദീസാണിത്. ബുഖാരിയിലെ തന്നെ ഹദീസുകൾ നോക്കാം. 

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيْهَا وَعِنْدَهَا رَجُلٌ، فَكَأَنَّهُ تَغَيَّرَ وَجْهُهُ، كَأَنَّهُ كَرِهَ ذَلِكَ، فَقَالَتْ : إِنَّهُ أَخِي. فَقَالَ : " انْظُرْنَ مَنْ إِخْوَانُكُنَّ، فَإِنَّمَا الرَّضَاعَةُ مِنَ الْمَجَاعَةِ ". 5102 

ആയിശ (റ) യിൽ നിന്ന് നിവേദനം: ഒരിക്കൽ നബി എന്റെയടുക്കൽ വന്നു. അപ്പോൾ എന്റെയടുക്കൽ ഒരാൾ ഉണ്ടായിരുന്നു. നബിയുടെ മുഖത്ത് ഭാവവ്യത്യാസം ഉണ്ടായി. പ്രവാചകൻ ഇത് വെറുത്തത് പോലെ . ഞാൻ പറഞ്ഞു: ഇത് എന്റെ സഹോദരനാണ്. അവിടുന്ന് പറഞ്ഞു: മുലകുടി ബന്ധത്തിലെ സഹോദരങ്ങളെ നിങ്ങൾ ശ്രദ്ധിക്കുക. നിശ്ചയം ശിശുവിന് പാൽകൊണ്ടുമാത്രം വിശപ്പടങ്ങുന്ന പ്രായത്തിലെ മുലകുടി ബന്ധം സ്ഥിരപ്പെടുകയുള്ളൂ. 
(ബുഖാരി 5102)


عن عائشة- رضي الله عنها- قالت: «دخل علي رسول الله -صلى الله عليه وسلم- وعندي رجل، فقال: يا عائشة، من هذا؟ قلت: أخي من الرضاعة، فقال: يا عائشة: انظرن من إخوانكن؟ فإنما الرضاعة من المجاعة». 2647

ആയിശ (റ) യിൽ നിന്ന് നിവേദനം: ഒരിക്കൽ നബി എന്റെയടുക്കൽ വന്നു. അപ്പോൾ എന്റെയടുക്കൽ ഒരാൾ ഉണ്ടായിരുന്നു. നബി (സ) ചോദിച്ചു: ആഇശാ, ഇത് ആരാണ് ? ഞാൻ പറഞ്ഞു: ഇത് മുലകുടി ബന്ധത്തിലുള്ള എൻ്റെ സഹോദരനാണ്. അവിടുന്ന് പറഞ്ഞു: മുലകുടി ബന്ധത്തിലെ സഹോദരങ്ങളെ നിങ്ങൾ ശ്രദ്ധിക്കുക. നിശ്ചയം ശിശുവിന് പാൽകൊണ്ടുമാത്രം വിശപ്പടങ്ങുന്ന പ്രായത്തിലെ മുലകുടി ബന്ധം സ്ഥിരപ്പെടുകയുള്ളൂ. 
(ബുഖാരി 2647)


ആഇശ (റ) യെ ആക്ഷേപിക്കാൻ വിമർശകർ കൊണ്ടുവരുന്ന ഹദീസാണിത്. ഹദീസ് ഉദ്ധരിച്ചതിനു ശേഷം " ഇത് വായിക്കുമ്പോൾ നബി കടന്നു ചെന്നപ്പോൾ അവിടെ എന്താണ് നടന്നുകൊണ്ടിരുന്നത് എന്ന് മനസ്സിലാക്കാൻ ആർക്കും പ്രയാസമില്ലല്ലോ " എന്നാണ് വിമർശകരുടെ അടിക്കുറിപ്പ്.
നബി (സ) കടന്നുവന്നപ്പോൾ ആഇശ (റ) മറ്റൊരു പുരുഷന് മുല കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് അവരുടെ ജല്പനം.

സ്വതന്ത്രലൈംഗികതയുടെ വക്താക്കളും എന്തിലും ലൈംഗികത മാത്രം കാണാൻ ശ്രമിക്കുകയും ചെയ്യുന്ന യുക്തിവാദികളും നിരീശ്വരവാദികളും മഹതിയായ പ്രവാചകപത്നി ആഇശ (റ) യെ അപഹസിക്കാൻ ഉന്നയിക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരാരോപണം മാത്രമാണിത്. 

വിമർശകരുടെ ആരോപണങ്ങൾ നമുക്ക് പരിശോധിക്കാം .

നബി (സ) കടന്നുവന്നപ്പോൾ ആഇശ (റ) മറ്റൊരു പുരുഷന് മുല കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്നതാണല്ലോ വിമർശനം. ഈ ഹദീസിൽ തന്നെ അതിനുള്ള മറുപടി കാണാൻ കഴിയും. ഇതാരാണ് എന്ന പ്രവാചകൻറെ ചോദ്യത്തിന് എൻ്റെ സഹോദരനാണ് എന്നാണ് ആഇശ (റ) മറുപടി പറഞ്ഞത് . വിമർശകർ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് പോലെ ആഇശ (റ) അയാൾക്ക് മുല കൊടുക്കുകയായിരുന്നുവെങ്കിൽ എൻ്റെ മകനാണ് എന്നായിരുന്നില്ലേ ആഇശ (റ) പറയേണ്ടിയിരുന്നത് ? അപ്പോൾ ആഇശ (റ) അയാൾക്ക് മുല കൊടുത്തിട്ടില്ല എന്ന് മനസ്സിലാക്കാം.  
നബി (സ) കടന്നുവന്നപ്പോൾ ആ വ്യക്തി അവിടെ ഇരിക്കുകയായിരുന്നു എന്നതാണ് വാസ്തവം. 
ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിൽ എൻ്റെ അടുത്ത് ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു എന്ന് ആഇശ (റ) തന്നെ വ്യക്തമായി പറയുന്നുണ്ട് . (മുസ്‌ലിം 1455) 

ആഇശ (റ) യുടെ മുലകുടി ബന്ധത്തിലെ സഹോദരനായ ആ വ്യക്തിയുടെ പേര് എന്താണെന്ന് കൃത്യമായി ചരിത്രത്തിൽ കാണുന്നില്ല. ഇബ്നു ഹജർ അസ്ഖലാനി (റഹി) യുടെ നിഗമനം അയാൾ അബുൽ ഖുഐസിന്റെ മകനായിരുന്നു എന്നാണ്.

ഏതായിരുന്നാലും മുലകുടി ബന്ധത്തിലെ സ്വന്തം സഹോദരൻ തന്നെ സന്ദർശിക്കാൻ എത്തിയപ്പോൾ സഹോദരൻ എന്നപോലെ അയാളോട് പെരുമാറുകയും വീട്ടിൽ സ്വീകരിച്ചിരുത്തുകയും ചെയ്യുകയാണ് ആഇശ (റ) ചെയ്തിട്ടുള്ളത്.  

മാത്രമല്ല മുലകുടി ബന്ധങ്ങൾ വ്യാപകമായി സമൂഹത്തിൽ നിലനിന്നിരുന്ന ഒരു കാലമായിരുന്നു അത്. അതിനാൽ തന്നെ ഒരാളുടെ മുലകുടിബന്ധങ്ങൾ എല്ലാവർക്കും അറിഞ്ഞുകൊള്ളണമെന്നില്ല. 

ആഇശ(റ)ക്ക് ഇങ്ങനെയൊരു മുലകുടി ബന്ധം ഉള്ളതായി നബി (സ) ക്ക് അറിയുമായിരുന്നില്ല. അതുകൊണ്ടാണ് നബി ആഇശ (റ) യോട് ആരാണെന്ന് ചോദിച്ചത്.  

ഇത്തരം പരസ്പരം അറിയാത്ത പ്രശ്നങ്ങൾ അന്ന് സമൂഹത്തിലുണ്ടായിരുന്നു. മുലകുടി ബന്ധത്തിലെ സഹോദരനും സഹോദരിയും തമ്മിൽ അറിയാതെ വിവാഹിതരായ സംഭവം വരെ ഇസ്‌ലാമിക ചരിത്രത്തിൽ കാണാൻ കഴിയും.

ചുരുക്കത്തിൽ പ്രവാചകൻ (സ) തന്റെ പത്നിയുടെ വീട്ടിൽ പ്രവേശിച്ചപ്പോൾ ഒരു അന്യപുരുഷനെ കാണുകയുണ്ടായി. ആരാണെന്നറിയാത്തത് കൊണ്ടുതന്നെ സ്വാഭാവികമായും പ്രവാചകന് നീരസമുണ്ടായി. അത് ചോദിക്കുകയും ചെയ്തു. ആഇശ (റ) അതിന് മുലകുടിബന്ധത്തിലെ സഹോദരനാണെന്ന് വ്യക്തമായി മറുപടിയും നൽകി.

വിവാഹബന്ധം നിഷിദ്ധമാകുന്നതടക്കമുള്ള നിയമങ്ങൾ മുലകുടി മൂലമുണ്ടാകും എന്നതിനാൽ
മുലകുടി ബന്ധങ്ങൾ നിസ്സാരമല്ലെന്നും ശ്രദ്ധയോടുകൂടി അതിനെ കാണണമെന്നും പ്രവാചകൻ അവിടെ പഠിപ്പിക്കുകയും ചെയ്തു. അഥവാ മുലകുടി പ്രായത്തിൽ മുല കുടിക്കുന്നതിലൂടെ മാത്രമേ മുലകുടി ബന്ധം സ്ഥിരപ്പെടുകയുള്ളൂ എന്നും അതിനുശേഷം ഉണ്ടാകുന്ന മുലകുടിയിലൂടെ ബന്ധം സ്ഥിരപ്പെടുകയില്ല എന്നും പ്രവാചകൻ പഠിപ്പിക്കുന്നു.

ആർക്കും എപ്പോഴും സ്വതന്ത്രമായി കയറി ചെല്ലാൻ കഴിയുന്ന ഒന്നായിരുന്നില്ല പ്രവാചകഭവനങ്ങൾ .
സദാ മുസ്ലിങ്ങൾ ഒരുമിച്ചു കൂടുന്ന ഇസ്ലാമിൻറെ കേന്ദ്രമായ പ്രവാചകൻറെ പള്ളിയായ മസ്ജിദുന്നബവിയുടെ സമീപത്താണ് പ്രവാചകപത്നിമാരുടെ ഭവനങ്ങളെല്ലാം .അതിനാൽ തന്നെ എപ്പോഴും ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ സ്ഥലവും പരിസരങ്ങളും. അങ്ങനെയുള്ള ഒരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രവാചകപത്നിമാരുടെ ഭവനങ്ങളിലേക്ക് ഒരന്യപുരുഷന് ഒരിക്കലും ആരുമറിയാതെ കടന്നുചെല്ലാൻ കഴിയില്ല. 

മാത്രമല്ല ഇത്തരം വിഷയങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന ഒരു വ്യക്തിയായിരുന്നു ആഇശ (റ). മുലകുടി ബന്ധത്തിലെ തന്റെ പിതൃസഹോദരനെ പോലും പ്രവാചകന്റെ അനുവാദത്തിന് ശേഷമാണ് തന്നെ സന്ദർശിക്കാൻ അവർ അനുവദിച്ചത്. 

 عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّهَا قَالَتْ : جَاءَ عَمِّي مِنَ الرَّضَاعَةِ، فَاسْتَأْذَنَ عَلَيَّ، فَأَبَيْتُ أَنْ آذَنَ لَهُ حَتَّى أَسْأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَسَأَلْتُهُ عَنْ ذَلِكَ، فَقَالَ : " إِنَّهُ عَمُّكِ، فَائْذَنِي لَهُ ". قَالَتْ : فَقُلْتُ : يَا رَسُولَ اللَّهِ، إِنَّمَا أَرْضَعَتْنِي الْمَرْأَةُ وَلَمْ يُرْضِعْنِي الرَّجُلُ ؟ قَالَتْ : فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " إِنَّهُ عَمُّكِ، فَلْيَلِجْ عَلَيْكِ ". قَالَتْ عَائِشَةُ : وَذَلِكَ بَعْدَ أَنْ ضُرِبَ عَلَيْنَا الْحِجَابُ. قَالَتْ عَائِشَةُ : يَحْرُمُ مِنَ الرَّضَاعَةِ مَا يَحْرُمُ مِنَ الْوِلَادَةِ. (5239 البخاري )

ആഇശ (റ) പറയുന്നത് കാണുക: ഒരിക്കൽ മുലകുടിബന്ധത്തിലെ എന്റെ പിതൃ സഹോദരൻ എന്നെ സന്ദർശിക്കാൻ അനുവാദം ചോദിച്ചു . പക്ഷേ പ്രവാചകനോട് അനുവാദം ചോദിക്കുന്നത് വരെ അദ്ദേഹത്തിന് അനുവാദം നൽകാൻ ഞാൻ താല്പര്യപ്പെട്ടില്ല. പ്രവാചകൻ വന്നപ്പോൾ ഞാൻ അദ്ദേഹത്തോട് കാര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു. തീർച്ചയായും അദ്ദേഹം നിന്റെ പിതൃസഹോദരൻ തന്നെയാണ്. അതുകൊണ്ട് അനുവാദംകൊടുക്കൂ. അപ്പോൾ ഞാൻ ചോദിച്ചു : അല്ലയോ അല്ലാഹുവിന്റെ പ്രവാചകരേ, സ്ത്രീയല്ലേ എന്നെ മുലയൂട്ടിയത് പുരുഷനല്ലല്ലോ. അപ്പോൾ റസൂലുല്ലാഹി (സ) പറഞ്ഞു: തീർച്ചയായും അത് നിന്റെ പിതൃസഹോദരൻ തന്നെയാണ്. അയാൾ നിന്നെ സന്ദർശിച്ചു കൊള്ളട്ടെ. ആഇശ (റ) പറയുന്നു: ഹിജാബിന്റെ നിയമം ഇറങ്ങിയതിനുശേഷമായിരുന്നു ഇത് സംഭവിച്ചത്. ആഇശ (റ) പറഞ്ഞു: പ്രസവം കൊണ്ട് നിഷിദ്ധമാകുന്നതെല്ലാം മുലകുടി ബന്ധം കൊണ്ടും നിഷിദ്ധമാകും. 
(ബുഖാരി 5239)

നോക്കൂ എത്രമാത്രം ശ്രദ്ധയായിരുന്നു മഹതി ഇവ്വിഷയത്തിൽ കാണിച്ചത്. ആദ്യം പ്രവാചകൻ കാര്യം ബോധ്യപ്പെടുത്തിക്കൊടുത്തിട്ടും പിന്നെയും " സ്ത്രീയാണല്ലോ എന്നെ മുലയൂട്ടിയത് പുരുഷനല്ലല്ലോ " എന്ന് ന്യായം പറയുന്ന ആഇശ (റ) യെ നമുക്ക് ഇവിടെ കാണാം. പിന്നെയും പ്രവാചകൻ ഉറപ്പിച്ചു പറഞ്ഞപ്പോഴാണ് ആഇശ (റ) അംഗീകരിക്കുന്നത്. 
ഹദീഥിന് ശേഷം മുലകുടി ബന്ധത്തോടുള്ള ഇസ്‌ലാമിക നിലപാട് ആഇശ (റ) പറയുന്നത് ഇമാം ബുഖാരി ഉദ്ധരിക്കുന്നതും നമുക്ക് കാണാം. 


ജീവിതത്തിൽ ഒരിക്കൽപോലും ഗർഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ലാത്ത ആഇശ ബീവി (റ) എങ്ങനെയാണ് ഒരാൾക്ക് മുല കൊടുക്കുക എന്നെങ്കിലും വിമർശകർക്ക് ചിന്തിക്കാമായിരുന്നു. അന്ധമായ ഇസ്‌ലാം വിരോധവും, പ്രവാചകന്റെയോ പ്രവാചകപത്നിമാരുടെയോ ജീവിതത്തിലെവിടെയെങ്കിലും പുഴുക്കുത്തുകൾ കണ്ടെത്താനുള്ള വ്യഗ്രതയും നിമിത്തം സാമാന്യബുദ്ധി പോലും ഇവർക്ക് നഷ്പ്പെട്ടു എന്ന് ചുരുക്കം.

Comments