പ്രവാചകന് ﷺ ജൂതനോട് അനീതി കാണിച്ചുവോ ? | വസ്തുതയെന്ത് ? - മുൻദിർ എ. പി
പ്രവാചകൻ (സ്വ) അമുസ്ലീങ്ങളോട് അനീതി കാണിച്ചിട്ടുണ്ട് എന്നതിന് വിമർശകർ കൊണ്ടുവരാറുള്ള ഒരു സംഭവമാണ് ഒരു മുസ്ലിം ജൂതന്റെ മുഖത്തടിച്ച സംഭവം, അതിൻറെ യാഥാർത്ഥ്യമെന്ത് ?
ഇവിടെ വിമർശകർ ഉന്നയിച്ചിട്ടുള്ളത് ഇമാം ബുഖാരിയും മുസ്ലിമും അബൂദാവൂദും അഹ്മദും ഉദ്ധരിച്ച സംഭവമാണ്.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، قَالَ : اسْتَبَّ رَجُلَانِ ؛ رَجُلٌ مِنَ الْمُسْلِمِينَ، وَرَجُلٌ مِنَ الْيَهُودِ، قَالَ الْمُسْلِمُ : وَالَّذِي اصْطَفَى مُحَمَّدًا عَلَى الْعَالَمِينَ. فَقَالَ الْيَهُودِيُّ : وَالَّذِي اصْطَفَى مُوسَى عَلَى الْعَالَمِينَ. فَرَفَعَ الْمُسْلِمُ يَدَهُ عِنْدَ ذَلِكَ فَلَطَمَ وَجْهَ الْيَهُودِيِّ، فَذَهَبَ الْيَهُودِيُّ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخْبَرَهُ بِمَا كَانَ مِنْ أَمْرِهِ وَأَمْرِ الْمُسْلِمِ، فَدَعَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمُسْلِمَ فَسَأَلَهُ عَنْ ذَلِكَ فَأَخْبَرَهُ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا تُخَيِّرُونِي عَلَى مُوسَى ؛ فَإِنَّ النَّاسَ يَصْعَقُونَ يَوْمَ الْقِيَامَةِ فَأَصْعَقُ مَعَهُمْ، فَأَكُونُ أَوَّلَ مَنْ يُفِيقُ، فَإِذَا مُوسَى بَاطِشٌ جَانِبَ الْعَرْشِ، فَلَا أَدْرِي أَكَانَ فِيمَنْ صَعِقَ فَأَفَاقَ قَبْلِي، أَوْ كَانَ مِمَّنِ اسْتَثْنَى اللَّهُ ".
അബൂ ഹുറൈറ (റ) പറയുന്നു: ഒരു മുസ്ലിമും ജൂതനും തമ്മിൽ തർക്കമുണ്ടായി. മുസ്ലിം പറഞ്ഞു: മുഹമ്മദിനെ മാലോകരിൽ ശ്രേഷ്ഠനായി തിരഞ്ഞെടുത്ത അല്ലാഹുവിൽ സത്യം, ജൂതൻ പറഞ്ഞു: മൂസയെ മാലോകരിൽ ശ്രേഷ്ഠനായി തിരഞ്ഞെടുത്ത അല്ലാഹുവിൽ സത്യം. അപ്പോൾ മുസ്ലിം കൈ ഉയർത്തി ജൂതന്റെ മുഖത്തടിച്ചു, അയാൾ നബിയുടെ സന്നിധിയിലേക്ക് വന്ന് തന്റെയും മുസ്ലിമിന്റെയും ഇടയിൽ സംഭവിച്ച കാര്യങ്ങൾ വിവരിച്ചു. അപ്പോൾ തങ്ങൾ അരുളി, നിങ്ങൾ മൂസയെക്കാൾ എന്നെ ശ്രേഷ്ഠനാക്കരുത്, കാരണം നാളെ പരലോകത്ത് എല്ലാവരും ബോധരഹിതരാകും, ഏറ്റവും ആദ്യം ഉയർത്തെഴുന്നേൽക്കുന്നത് ഞാനായിരിക്കും, അപ്പോൾ അതാ മൂസ അർശിന്റെ ഓരത്ത് പിടിച്ചു കൊണ്ട് നിൽക്കുന്നു, അദ്ദേഹം എനിക്ക് മുമ്പ് ഉണർന്നതാണോ, അതല്ല അദ്ദേഹത്തെ അല്ലാഹു ഒഴിച്ചു നിർത്തിയതാണോ എന്നെനിക്കറിയില്ല.
ഇവിടെ വിമർശകർ ഉന്നയിച്ചിട്ടുള്ളത് പ്രവാചകൻ (സ്വ) മുസ്ലിമിനെതിരെ പ്രതികാര നടപടികളൊന്നുമെടുക്കാതെ ജൂതനോട് അനീതി കാണിച്ചു എന്നാണ്.
ഇങ്ങനെ ഒരു വിമർശനം ഉന്നയിക്കണമെങ്കിൽ ഇമാം ബുഖാരിയിലെ 3414മത്തെ ഹദീസ് മറച്ചുപിടിച്ചാൽ മാത്രമേ സാധിക്കുകയുള്ളൂ.
കാരണം ആ ഹദീസിൽ പ്രവാചകൻ (സ്വ) കൃത്യമായ പ്രതികാര നടപടി എടുത്തതായി കാണാം.
ഇവിടെ ഈ ജൂതൻ മുഹമ്മദ് നബി (സ്വ) അവർക്കിടയിൽ ജീവിച്ചിരിക്കെ തന്നെ മൂസാ നബിയെ അദ്ദേഹത്തെക്കാൾ ശ്രേഷ്ഠനാക്കി പറഞ്ഞു. ഈ ഒരു കാര്യം മുസ്ലിമിനേ കോപാകുലനാക്കി, അതിൻറെ അടിസ്ഥാനത്തിലാണ് അദ്ദേഹം ജൂതനെ അടിച്ചത്.
فَأَخَذَتْنِي غَضْبَةٌ، ضَرَبْتُ وَجْهَهُ
എനിക്ക് കോപമുണ്ടായി ,അപ്പോൾ ഞാൻ അദ്ദേഹത്തെ അടിച്ചു. ബുഖാരി (2412)
ഈ മുസ്ലിം ജൂതനേ അടിക്കാനുള്ള കാരണം മൂസാ നബിയെ പ്രവാചകനേക്കാൾ ശ്രേഷ്ഠനാക്കിയതും അതുമൂലമുണ്ടായ കോപവുമാണ്.
ബുഖാരിയിലെ 3414 മത്തെ ഹദീസിൽ ഈ രണ്ട് കാര്യങ്ങൾക്കും പ്രവാചകൻ കൃത്യമായ പ്രതികാര നടപടി സ്വീകരിച്ചതായി കാണാം. അദ്ദേഹം കോപിച്ചതിന് പ്രവാചകന് തിരിച്ച് അദ്ദേഹത്തോട് കോപിക്കുകയും, അദ്ദേഹം മൂസാ നബിയെ വില കുറച്ച് കണ്ടത് കൊണ്ട്, മൂസാ നബിയെ പുകഴ്ത്തി പറയുകയും ചെയ്തു.
فَغَضِبَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى رُئِيَ فِي وَجْهِهِ، ثُمَّ قَالَ : " لَا تُفَضِّلُوا بَيْنَ أَنْبِيَاءِ اللَّهِ
നബി (സ്വ) മുഖം കടുക്കുമാർ കോപിക്കുകയും എന്നിട്ട്: പ്രവാചകന്മാർക്കിടയിൽ നിങ്ങൾ ശ്രേഷ്ഠത കൽപ്പിക്കരുത് എന്ന് പറയുകയും ചെയ്തു.
അപ്പോൾ പ്രവാചകൻ (സ്വ) പ്രതികാര നടപടി എടുത്തിട്ടില്ല എന്നുള്ളത് തെറ്റായ വാദമാണ്, നേരെമറിച്ച് അദ്ദേഹം ശക്തമായി മുസ്ലിമിനോട് കോപിക്കുകയും താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ജൂതന്മാർക്കിടയിൽ വിധികർത്താക്കളുണ്ടായിട്ടും പ്രവാചകൻറെ അടുക്കലേക്കാണ് ജൂതൻ വിധി തേടി പോയത്, കാരണം പ്രവാചകൻ അനീതി വിധിക്കില്ലെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായതുകൊണ്ടാണ്. അദ്ദേഹം പ്രതീക്ഷിച്ചത് പോലെ തന്നെ പ്രവാചകൻ പ്രതിക്രിയ സ്വീകരിക്കുകയും ചെയ്തു.


Comments
Post a Comment