വാരിയെല്ലിൽ നിന്ന് സൃഷ്ടിക്കപ്പെട്ട സ്ത്രീ !!! പ്രവാചകൻ ﷺ സ്ത്രീകളെ പരിഹസിച്ചെന്നോ !? | വസ്തുതയെന്ത് ? - അജ്മൽ ഫൗസാൻ
ആരോപണം:
നബി ﷺ പറഞ്ഞു: നിശ്ചയം സ്ത്രീ സൃഷ്ടിക്കപ്പെട്ടത് വാരിയെല്ലിൽ നിന്നാണ്. നിശ്ചയമായും വാരിയെല്ലിൽ ഏറ്റവും വളഞ്ഞത് മേൽഭാഗത്തുള്ളതാണ്. അത് നീ ചൊവ്വാക്കാനുദ്ദേശിച്ചാൽ പൊട്ടിപ്പോകുന്നതാണ്. അതിനെ നീ (നിവർത്താതെ) വിട്ടാൽ അത് വളഞ്ഞു തന്നെയിരിക്കുന്നതാണ്. അതിനാൽ സ്ത്രീകളോട് നിങ്ങൾ നന്മ ഉപദേശിക്കുവീൻ (ബുഖാരി മുസ്ലിം)
മറുപടി :
പ്രവാചകന് ﷺ ഈ ഹദീസ് വഴി സ്ത്രീകളെ പരിഹസിക്കുകയും ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നുവെന്നും അവരെ പുരുഷന്മാർ ഉപദേശിച്ചു നന്നാക്കണമെന്ന് കൽപ്പിക്കുന്നു എന്നുമാണ് വിമർശകരുടെ ആരോപണം.
ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസിന്റെ മൂലരൂപം ഇങ്ങനെയാണ്.
عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: " وَاسْتَوْصُوا بِالنِّسَاءِ، فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، وَإِنَّ أَعْوَجَ شَيْءٍ فِي الضِّلَعِ أَعْلَاهُ، إِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ، اسْتَوْصُوا بِالنِّسَاءِ خَيْرًا ". (أخرجه البخاري (3331)، ومسلم (1468)).
അബൂ ഹുറൈറ (റ) പ്രവാചകൻ ﷺ നിന്ന് നിവേദനം: പ്രവാചകൻ പറഞ്ഞു: നിങ്ങൾ സ്ത്രീകളുടെ വിഷയത്തിൽ എന്റെ ഉപദേശം സ്വീകരിക്കുക. നിശ്ചയം സ്ത്രീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വാരിയെല്ലിൽ നിന്നാണ്. വാരിയെല്ലിന്റെ ഏറ്റവും മുകളിലെത്തേതാണ് ഏറ്റവും വളഞ്ഞതായിട്ടുള്ളത്. നിങ്ങൾ അതിനെ നേരെയാക്കാൻ ശ്രമിച്ചാൽ അത് പൊട്ടിക്കുകയായിരിക്കും ഫലം. അതിനെ നേരെയാക്കാതെ അങ്ങനെ തന്നെ വിട്ടുകഴിഞ്ഞാൽ അത് വളവുള്ളതായി നിലനിൽക്കുകയും ചെയ്യും. അതിനാൽ നിങ്ങൾ സ്ത്രീകളോട് നല്ല നിലയിൽ വർത്തിക്കുക. (ബുഖാരി 3331 മുസ്ലിം 1468)
സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധത്തെ വളരെ ഗൗരവപൂർവ്വമാണ് ഇസ്ലാം നോക്കിക്കാണുന്നത്. വിശിഷ്യാ പൊട്ടിത്തെറികൾ ഉണ്ടാകാൻ ഏറെ സാധ്യതയുള്ള ദാമ്പത്യ ജീവിതത്തെ വളരെ ശ്രദ്ധാപൂർവ്വം പ്രവാചകൻ കണ്ടിരുന്നു. ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രവാചകൻ പ്രത്യേകം ഉപദേശനിർദ്ദേശങ്ങളും നൽകിയിരുന്നു.
അത്തരത്തിൽ സ്ത്രീകളോട് നല്ല രൂപത്തിൽ പെരുമാറണമെന്ന് പ്രവാചകൻ ﷺ പുരുഷന്മാരെ പഠിപ്പിക്കുന്ന ഒരു സന്ദർഭമാണ് ഈ ഹദീസ്. അഥവാ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണം പലപ്പോഴും ക്ഷമയുടെയും സഹനത്തിന്റെയും അഭാവമാണല്ലോ . ഇണയുടെ കുറവുകൾ തിരിച്ചറിയാതെയുള്ള വെട്ടൊന്ന് മുറി രണ്ട് എന്ന സമീപനം ദാമ്പത്യ ജീവിതം ദുസ്സഹമാക്കുന്നതിലേക്കും അവസാനം വിവാഹ മോചനത്തിലേക്കുമാണ് കൊണ്ട് ചെന്നെത്തിക്കുക. അത് തിരിച്ചറിഞ്ഞുകൊണ്ട് ദാമ്പത്യരംഗത്ത് സ്ത്രീകളിൽ നിന്നുണ്ടാകുന്ന കുറവുകളെ ക്ഷമയോടും സഹനത്തോടും കൂടി നോക്കി കാണണമെന്നും പ്രകൃത്യാ തന്നെ അവരിൽ അന്തർലീനമായ അത്തരം കുറവുകൾ മാറ്റാൻ ശ്രമിക്കുന്നതിന് പരിധിയുണ്ട് എന്നുമാണ് പ്രവാചകൻ ﷺ പുരുഷന്മാരെ ഇവിടെ ബോധ്യപ്പെടുത്തുന്നത്. മാത്രമല്ല പ്രകൃത്യാ തന്നെയുള്ള ഈ ദൗർബല്യം നിമിത്തം എന്തെങ്കിലും അനിഷ്ടകരമായ സംഭവങ്ങൾ അവരിൽ നിന്നുണ്ടായാൽ പോലും അവരോട് നിർബന്ധമായും നല്ല നിലയിൽ വർത്തിക്കുകയെന്നതാണ് പുരുഷന്മാരുടെ കടമ എന്നാണ് പ്രവാചകധ്യാപനം. കാരണം ഇത്തരം സംഭവങ്ങൾ അവസാനം എത്തിച്ചേരുന്നത് വിവാഹ മോചനത്തിലേക്കായിരിക്കും. ഇമാം മുസ്ലിം (റഹി) ഉദ്ധരിക്കുന്ന മറ്റൊരു നിവേദനത്തിൽ അത് വ്യക്തമായിത്തന്നെ പ്രവാചകന് പറയുന്നുണ്ട്.
وَكَسْرُهَا طَلَاقُهَا
അഥവാ വാരിയെല്ല് പൊട്ടിക്കുക എന്നു പറഞ്ഞാൽ ത്വലാഖ് (വിവാഹമോചനം) ആണ് .
വിമർശകർ ആരോപിക്കുന്നത് പോലെ
നബി ﷺ ഒരിക്കലും സ്ത്രീകളെ വിലകുറച്ച് കാണുകയോ പരിഹസിക്കുകയോ അല്ല ഇവിടെ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അവർ സൃഷ്ടിക്കപ്പെട്ടത് അങ്ങനെയാണ് എന്ന് പറയേണ്ട കാര്യമില്ലല്ലോ. പരിഹാസമാണ് പ്രവാചകൻ ഈ വാക്കുകൾ കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ
അത് സ്ത്രീകൾക്ക് ഒരിക്കലും ബാധകമാവുകയുമില്ല. കാരണം
സ്ത്രീകളെ അങ്ങനെ സൃഷ്ടിച്ച സ്രഷ്ടാവിനാണല്ലോ അത് ബാധമാകുക. അപ്പോൾ കളിയാക്കലും പരിഹാസവുമൊന്നുമല്ല ഇവിടെ ഉദ്ദേശ്യമെന്ന് വ്യക്തം. മറിച്ച് പ്രകൃതിപരമായി സ്ത്രീകളിൽ അന്തർലീനമായ ചില പോരായ്മകളെ പുരുഷന്മാർക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും അത് മനസ്സിലാക്കിക്കൊണ്ട് പക്വതയോടെ ഇടപെടണം എന്ന് അവരോട് നിഷ്കർഷിക്കുകയുമാണ് പ്രവാചകൻ ചെയ്തത്.
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: “സ്ത്രീകളോട് സൗമ്യമായി ഇടപെടണമെന്നും നല്ല നിലയിൽ വർത്തിക്കണമെന്നും അവരുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന പോരായ്മകളെ ക്ഷമിക്കണമെന്നും അവരുടെ ദൗർബല്യങ്ങളെ സഹനത്തോടുകൂടി കാണണമെന്നും,
ഒരു കാരണവുമില്ലാതെ വിവാഹ മോചനം നടത്തുന്നത് വെറുക്കപ്പെട്ടതാണെന്നും
ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.”
(ശർഹു മുസ്ലിം 10/57)
വിഷയത്തിന് കൊഴുപ്പ് കൂട്ടാൻ എപ്പോഴും ചെയ്യുന്നതുപോലെ ഇതിൻറെ പരിഭാഷയിലും വിമർശകർ ചില കൃത്രിമങ്ങൾ കാണിച്ചിട്ടുണ്ട്.
ഹദീസിന്റെ അവസാന ഭാഗത്തുള്ള
استوصوا بالنساء خيرا
അഥവാ "സ്ത്രീകളോട് നിങ്ങൾ നല്ല നിലയിൽ പെരുമാറണം" എന്ന ഭാഗത്തെ "സ്ത്രീകളോട് നിങ്ങൾ നന്മ ഉപദേശിക്കുവീൻ" എന്നാണ് വിമർശകർ പരിഭാഷപ്പെടുത്തിയിട്ടുള്ളത്.
ഈ ഹദീസിനെ വിശദീകരിച്ച പണ്ഡിതന്മാരാരും ഇങ്ങനെയൊരു അർഥം ഈ വാചകത്തിന് നൽകിയിട്ടില്ല.
അറബി ഭാഷയിലെ അംഗീകൃത നിഘണ്ടുവായ ഖാമൂസിൽ പറയുന്നത് കാണുക.
استوصى به خيراً: أراد الخيرَ به وفعله ؛ اسْتَوْصُوا بالنِّسَاءِ خَيْرًا .
ഒരാൾക്ക് നന്മ ചെയ്യാനുദ്ദേശിക്കുന്നതിനും അത് ചെയ്യുന്നതിനുമാണ് استوصى به خيراً എന്ന് പറയുക.
നിങ്ങൾ സ്ത്രീകളോട് നല്ല നിലയിൽ വർത്തിക്കുക എന്നതിനെ വിശദീകരിച്ചുകൊണ്ട് ആധുനിക പണ്ഡിതനും സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തിയുമായിരുന്ന ശൈഖ് ഇബ്നു ബാസ് (റഹി) പറയുന്നത് കാണുക:
“സ്ത്രീകളോട് നല്ല നിലയിൽ വർത്തിക്കണമെന്നും അവരെ ആക്രമിക്കാൻ പാടില്ലെന്നും അവരുടെ അവകാശങ്ങൾ വകവച്ചു കൊടുക്കണമെന്നും നന്മയിലേക്ക് അവരെ വഴി നടത്തണമെന്നും ഭർത്താക്കന്മാരോടും പിതാക്കന്മാരോടും സഹോദരന്മാരോടും ഒക്കെ കല്പിക്കുന്ന ഒരു കൽപ്പനയാണിത്. നിങ്ങൾ സ്ത്രീകളോട് നല്ല നിലയിൽ വർത്തിക്കൂ എന്ന് പ്രവാചകൻ (സ്വ) കൽപ്പിച്ചതിനാൽ തന്നെ ഇത് എല്ലാവർക്കും നിർബന്ധ ബാധ്യതയാണ്. എപ്പോഴെങ്കിലും ചില അവസരങ്ങളിൽ അവരിൽ നിന്ന് ഭർത്താവിനോ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ, എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായി എന്നതുകൊണ്ട് ഒരിക്കലും അവരോട് മോശമായി വർത്തിക്കരുത്. കാരണം അവർ വാരിയെല്ലിൽ നിന്നാണല്ലോ സൃഷ്ടിക്കപ്പെട്ടത്.” (മജ്മൂഉ ഫതാവാ വ മഖാലാത്ത് 5/298 )
ചുരുക്കത്തിൽ വിമർശകരുടെ ആരോപണം പോലെ സ്ത്രീകളെ ഇകഴ്ത്തുകയോ പരിഹസിക്കുകയോ ചെയ്യുന്ന ഒരു ഹദീസല്ല ഇത്. നേരെമറിച്ച് പ്രകൃത്യാ തന്നെയുള്ള സ്ത്രീകളുടെ ചില കുറവുകളെ മനസ്സിലാക്കണമെന്നും ആ കുറവുകൾ ഉണ്ടായാൽ തന്നെ അത് അവരോടുള്ള നല്ല പെരുമാറ്റത്തിന് തടസ്സമാകാൻ പാടില്ല എന്നും നിർബന്ധമായും സ്ത്രീകളോട് നല്ല നിലക്ക് പെരുമാറണമെന്നും പ്രവാചകൻ ﷺ കൽപ്പിക്കുന്ന ഒരു ഹദീസാണിത് . എത്രമാത്രം ശ്രദ്ധയും പരിഗണനയുമാണ് സ്ത്രീകൾക്ക് ഇസ്ലാം നൽകിയിട്ടുള്ളത് എന്ന് ഈ ഒരൊറ്റ ഹദീസിലൂടെ മനസ്സിലാക്കാൻ കഴിയും. സ്ത്രീകൾക്ക് പ്രത്യേക സംവരണവും നിയമങ്ങളും ഒക്കെ സംവിധാനിച്ചിട്ടുള്ള ഈ ആധുനിക ലോകത്ത് അവയൊക്കെ കാറ്റിൽ പറത്തി സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വീട്ടിനകത്തും പുറത്തും വർദ്ധിച്ചു വരുന്ന, ഓരോ നിമിഷവും അനേകം സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ നിർബന്ധമായും ഓരോ പുരുഷനും തങ്ങളുടെ സ്ത്രീകളോട് നല്ല നിലയിൽ വർത്തിക്കണം എന്ന പ്രവാചകൻ (സ്വ) യുടെ ഈ കൽപ്പനക്ക് ചില്ലറ പ്രാധാന്യമല്ല ഉളളത്.



Comments
Post a Comment